26 April Friday

യുഎഇ മലയാളം മിഷൻ ക്ലബ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും

കെ എൽ ഗോപിUpdated: Sunday May 7, 2023

അജ്‌മാൻ> മലയാളം മിഷൻ ക്ലബ്ബുകളുടെ ആഗോളതല ഉദ്ഘാടനം മെയ് 12ന്  രാവിലെ 8ന് യുഎഇയിലെ അജ്‌മാൻ ചാപ്റ്ററിന് കീഴിലുള്ള ഹാബിറ്റാറ്റ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ്  മലയാളം മിഷൻ ക്ലബ്ബുകളുടെ ആഗോളതല ഉദ്ഘാടനം നിർവഹിക്കുന്നത്. ഡയറക്‌ടർ മുരുകൻ കാട്ടാക്കട ചടങ്ങിൽ അധ്യക്ഷനാകും.

കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കേരള സാംസ്കാരിക വകുപ്പ് മലയാളം മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസ ലോകത്ത് ഇന്ത്യൻ സ്‌കൂളുകളിൽ മലയാളം മിഷൻ ക്ലബ്ബുകൾ രൂപീകരിക്കുന്ന 'കുട്ടി മലയാളം' പദ്ധതി. മാതൃഭാഷ പുതിയ തലമുറയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നതും വിദേശരാജ്യങ്ങളിലുള്ള വിദ്യാർത്ഥികളെ നീലക്കുറിഞ്ഞി തുല്യത പരീക്ഷയ്‌ക്ക് സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ പദ്ധതി. നീലക്കുറിഞ്ഞി കോഴ്‌സ് കഴിയുന്നവർക്ക് പത്താം ക്ലാസിന് തുല്യമായ മലയാളം സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

പരീക്ഷണാടിസ്ഥാനത്തിൽ കുട്ടിമലയാളത്തിന്റെ പൈലറ്റ് പ്രോജക്‌ടുകൾ യുഎഇയിലും തമിഴ്നാട്ടിലും ആരംഭിച്ച് സാധ്യത വിലയിരുത്തിയിരുന്നു. ഷാർജ ഇന്ത്യൻ ഹൈസ്‌കൂൾ ബോയ്‌സ് ആൻഡ് ഗേൾസ് വിഭാഗം, എമിറേറ്റ്സ് നാഷണൽ സ്‌കൂൾ ഷാർജ, ഹാബിറ്റാറ്റ് സ്‌കൂൾ അജ്‌മാൻ, മോഡൽ സ്‌കൂൾ അബുദാബി എന്നിവിടങ്ങളിലാണ് യുഎഇയിൽ പൈലറ്റ് പദ്ധതികൾ നടപ്പിലാക്കിയത്. പ്രവർത്തന മികവിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിലെ ആദ്യത്തെ മലയാളം മിഷൻ ക്ലബ് രൂപീകരിക്കുന്നതിന് ഹാബിറ്റാറ്റ്സ് സ്‌കൂൾ തിരഞ്ഞെടുത്തത്. ഹാബിറ്റാറ്റ് സ്‌കൂളിലെ 500 ഓളം കുട്ടികളാണ് ഈ പദ്ധതി വഴി മലയാളം മിഷൻ ക്ലബ്ബിൽ നിലവിൽ അംഗങ്ങളായിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top