25 April Thursday

ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്‌ച ചെറിയ പെരുന്നാൾ

കെ എൽ ഗോപിUpdated: Sunday May 1, 2022

ദുബായ് > ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ തിങ്കളാഴ്‌ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ശനിയാഴ്‌ച ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത് ബഹ്റിൻ, യുഎഇ എന്നിവിടങ്ങളിൽ ചെറിയപെരുന്നാൾ തിങ്കളാഴ്‌ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഒമാനിൽ മാസപിറവി കാണുന്നതനുസരിച്ച് തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ആകും പെരുന്നാൾ.

പെരുന്നാൾ ആഘോഷങ്ങൾ വർണാഭമാക്കാൻ വിപുലമായ ഒരുക്കങ്ങൾ യുഎഇ ഒരുക്കിക്കഴിഞ്ഞു.  ആളുകൾ കൂടുതലായി എത്തുന്ന പൊതു ഇടങ്ങൾ, ഈദ് മുസല്ലകൾ  എന്നിവിടങ്ങളിലെല്ലാം ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഭക്ഷണശാലകൾ, അറവ് ശാലകൾ, പച്ചക്കറി മാർക്കറ്റുകൾ, കടകൾ എന്നിവിടങ്ങളിലെല്ലാം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുവർഷത്തെ കോവിഡ് മാന്ദ്യത്തിനു ശേഷം സമൂഹം സജീവമാകുന്നതിന്റെ ഭാഗമായി ആഘോഷപരിപാടികൾ പൊടിപൊടിക്കാൻ രാജ്യം കാത്തിരിക്കുകയാണ്.

സർക്കാർ തലത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. ദുബായ് ഫ്രെയിം, ദുബായ് സഫാരി പാർക്ക്, ചിൽഡ്രൻസ് സിറ്റി, മംസാർ പാർക്ക് എന്നിവിടങ്ങളിലെല്ലാം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയുള്ള ഈദ് ആഘോഷങ്ങൾ നടക്കും. മംസാർ പാർക്കിൽ ഔട്ട്ഡോർ സിനിമ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നാനാ തുറകളിലുള്ള കൂട്ടായ്‌മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈദ് സംഗമങ്ങളും നടക്കുന്നുണ്ട്.

പെരുന്നാൾ ആഘോഷത്തിന് നാട്ടിലേക്ക് പോകുന്ന ആളുകളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ വർദ്ധനവിനനുസരിച്ചു ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുകയും ചെയ്‌തിട്ടുണ്ട്. ദുബായിലെ മൂന്നു വിമാനത്താവളങ്ങളിലും യാത്രക്കാരുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top