06 December Wednesday

വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റത്തിന് സ്മാർട്ട് പദ്ധതിയുമായി യുഎഇ

കെ എൽ ഗോപിUpdated: Saturday Aug 13, 2022

ദുബായ് > ആധുനികലോകത്തെ ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാക്കും വിധം വിദ്യാഭ്യാസ പദ്ധതിയിൽ സമഗ്രമായ മാറ്റം വരുത്തി യുഎഇ. യുഎഇ നടപ്പിലാക്കുന്ന  സ്മാർട്ട് എജുക്കേഷനിലൂടെ  ബഹിരാകാശം, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഊർജ്ജം, സൈബർ സുരക്ഷ, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള പഠന-പരിശീലന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സ്കൂളുകളിലും സർവ്വകലാശാലകളിലും ഈ പദ്ധതികൾ വ്യാപകമായി നടപ്പിലാക്കും.

വിദ്യാർഥികളുടെ അഭിരുചികൾ മനസ്സിലാക്കി അതാത് മേഖലകളിൽ അവരെ പരിശീലിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഒരു പ്രത്യേകത. ഇതിന്റെ ഭാഗമായി പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. തുടർന്ന് സർവ്വകലാശാലകളുമായി സഹകരിച്ച് തുടർ പരിശീലന പരിപാടികളും സംഘടിപ്പിക്കും. പാഠ്യപദ്ധതികളിൽ സമഗ്രമായ പരിഷ്കരണം വരുത്തിയും,  പ്രത്യേക പരിശീലനം നേടി യോഗ്യത തെളിയിച്ച അധ്യാപകരെ ഇതിനായി വിനിയോഗിച്ചും സ്മാർട്ട് എജുക്കേഷൻ പദ്ധതി ഏറ്റവും മികച്ച രീതിയിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പത്തുവർഷംകൊണ്ട് സാങ്കേതിക വിദ്യകൾ പൂർണമായും മാറും എന്നതിനാൽ അതിനകം പുതിയ തലമുറയെ സജ്ജമാക്കാൻ രാജ്യം ഒരുങ്ങുകയാണ്. പ്രാഥമിക പരിശീലനത്തിന് ശേഷം ഓരോ  മേഖലയിലും ശാസ്ത്രീയ പരിശീലനം ലഭിച്ചവർക്ക് മാത്രമാണ് ഉയർന്ന തലത്തിലുള്ള പരിശീലനത്തിന് അവസരം ലഭിക്കുക. ആണവോര്‍ജം, പാരമ്പര്യേതര ഊർജ്ജം, ഉപഗ്രഹ സാങ്കേതികവിദ്യകൾ,  ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയവയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനും അവർക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനും യുവതലമുറയെ പ്രാപ്തമാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണം, ഇലക്ട്രോണിക്സ്, എയറോ സ്പേസ്, ഡിസൈൻ, എൻജിനീയറിങ്, ഐടി തുടങ്ങിയ മേഖലകളിൽ വൻ മാറ്റങ്ങളുമായി ഇതിനുള്ള തയ്യാറെടുപ്പുകളാണ് ഖലീഫ യൂണിവേഴ്സിറ്റി നടത്തുന്നത് എന്ന് സീനിയർ വൈസ് പ്രസിഡൻറ് ഡോക്ടർ അഹമ്മദ് അൽ ഷൊയ്ബി പറഞ്ഞു.

കോഡിംഗ് വിദഗ്ധരുടെ രാജ്യാന്തര കേന്ദ്രമാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി കോർഡേഴ്സ് എച്ച് ക്യൂ എന്ന പദ്ധതി ഇതിനു മുൻപ് യു എ ഇ ആരംഭിച്ചിരുന്നു. കോഡിങ് അംബാസഡർമാർ എന്നറിയപ്പെടുന്ന ഇവർക്ക് ദുബായ് എമിറേറ്റ്സ് ടവറിൽ പ്രത്യേക കേന്ദ്രമുണ്ട്. നിർമ്മിത ബുദ്ധിക്ക് പ്രത്യേക മന്ത്രാലയം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

സ്കൂളുകളെ മികവുകളുടെ ന്യൂജൻ സ്കൂളുകൾ ആക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബുകൾ സ്കൂളുകളിൽ സ്ഥാപിച്ചുകൊണ്ട് നഴ്സറി തലങ്ങളിലടക്കം സ്മാർട്ട് സാങ്കേതിക വിദ്യകളുടെ പരിശീലനം സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് യുഎഇ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിനായി ലോകരാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരുടെ സേവനമാണ് രാജ്യം ഉപയോഗപ്പെടുത്തുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top