26 April Friday

അല്‍ നെയാദിയും സംഘവും ബഹിരാകാശ നിലയത്തില്‍

അനസ് യാസിന്‍Updated: Saturday Mar 4, 2023

മനാമ > ഒരു ദിവസത്തെ യാത്രക്കു ശേഷം യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍-നെയാദിയടങ്ങുന്ന നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-6 നലാംഗ സംഘം വെള്ളിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഇറങ്ങി. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്ത് ഭൂമിയില്‍ നിന്ന് ഏകദേശം 250 മൈല്‍ (420 കി.മീ) ഉയരത്തില്‍ മണിക്കൂറില്‍ 28,164 കിലോമീറ്റര്‍ വേഗത്തില്‍ ഐഎസ്എസിനൊപ്പം പേടകവും ഒരുമിച്ച് പറന്നാണ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയതെന്ന് നാസയുടെ തത്സമയ വെബ്കാസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളി രാവിലെ യുഎഇ സമയം 10.54ന് ഇവര്‍ സഞ്ചരിച്ച എന്‍ഡവര്‍ എന്ന് പേരിട്ടിരിക്കുന്ന ഡ്രാഗണ്‍ പേടകം ഐഎസ്എസുമായി ഡോക്കിംഗ് സീക്വന്‍സ് അവസാനിപ്പിച്ച് അന്തിമ പരിശോധനകള്‍ക്കുശേഷം ഉച്ചയ്ക്ക് 12.50 ഒടെ ബഹിരാകാശയാത്രികര്‍ ഐഎസ്എസില്‍ പ്രവേശിക്കുകയും അതിലെ മറ്റ് ഏഴ് ബഹിരാകാശ സഞ്ചാരികള്‍ അടങ്ങുന്ന എക്‌സ്‌പെഡിഷന്‍ 68-ല്‍ ചേരുകയും ചെയ്തതായും നാസ അറിയിച്ചു. ഇതോടെ ബഹിരാകാശ നിലയില്‍ 11 പേരായി. ആദ്യ സംഘത്തിലെ നാലു പേര്‍ വൈകാതെ ഭൂമിയിലേക്ക് മടങ്ങും.

വ്യാഴം രാവിലെ 9.34ന് (ഇന്ത്യന്‍ സമയം 11.04 ന്) ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഇവരെ വഹിച്ചുള്ള പേടകം സ്‌പേസ് എക്‌സ് ഫാള്‍ക്കണ്‍-9 റോക്കറ്റില്‍ വിക്ഷേപിച്ചത്.

സംഘത്തില്‍ അല്‍ നെയാദിക്കൊപ്പം നാസയുടെ സ്റ്റീഫന്‍ ബോവെന്‍, വുഡി ഹൊബര്‍ഗ്, റഷ്യന്‍ കോസ്‌മോനട്ട് ആന്‍ഡ്രി ഫെഡ്‌യേവ് എന്നിവരുമുണ്ട്. ഇവര്‍ അടുത്ത ആറ് മാസം ഐഎസ്എസില്‍ ചെലവഴിക്കും. അറബ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യമായാണ് ഇത് കണക്കാക്കുന്നത്. ബഹിരാകാശത്ത് മനുഷ്യകോശങ്ങളുടെ വളര്‍ച്ച മുതല്‍ മൈക്രോഗ്രാവിറ്റിയിലെ ജ്വലന വസ്തുക്കളെ നിയന്ത്രിക്കുന്നത് വരെയുള്ള പരീക്ഷണങ്ങള്‍ ഇത് കാണും. ഇവര്‍ 200-ലധികം പരീക്ഷണങ്ങള്‍ നടത്തുഴമെന്നും അത് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാനും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്താനും തങ്ങളെ സഹായിക്കുമെന്നും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

ഹസ്സ അല്‍ മന്‍സൂരിക്ക് ശേഷം യുഎഇയില്‍ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ സഞ്ചാരിയാണ് അല്‍ നെയാദി. 2019ല്‍ അല്‍-മന്‍സൂരി എട്ട് ദിവസം ഐഎസ്എസില്‍ താമസിച്ചിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തന്റെ ചരിത്ര ദൗത്യം ആരംഭിക്കുന്ന സുല്‍ത്താന്‍ അല്‍-നെയാദിയെ അഭിനന്ദിക്കുന്നതില്‍ ഞാന്‍ രാജ്യത്തോടൊപ്പം ചേരുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top