27 April Saturday

യുഎഇയിൽ പുതിയ വിസ വ്യവസ്ഥ; ബന്ധുക്കളെ സ്പോൺസർ ചെയ്യുന്ന മാനദണ്ഡങ്ങളിൽ മാറ്റം

അനസ് യാസിൻUpdated: Wednesday Mar 1, 2023

ദുബായ്> യുഎഇ പ്രവാസികൾക്കായി പുതിയ വിസ വ്യവസ്ഥകൾ പ്രഖ്യാപിച്ചു.  കഴിഞ്ഞ ഒക്‌ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്ന വിസ നിയമത്തിലും വ്യക്തത വരുത്തി. ഇതോടെ ബന്ധുക്കളെ സ്‌പോൺസർ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളിലും മാറ്റംവരുത്തി.

പ്രവാസികൾക്ക് അമ്മ, അച്ഛൻ, പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, ഭാര്യയുടെ അച്ഛനും അമ്മയും എന്നിവരെ കൊണ്ടുവരാനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി ‘അൽ ഖലീജ്’ റിപ്പോർട്ട് ചെയ്‌തു. വിസയ്‌ക്ക് അപേക്ഷിക്കാൻ മതിയായ പാർപ്പിടവും മാസവരുമാനവും വേണം. മാസവരുമാനം 10,000 ദിർഹം (ഏതാണ്ട് 2,24,584 രൂപ) ഉള്ളവർക്ക് അഞ്ചു ബന്ധുക്കളെയും 15,000 ദിർഹമുള്ളവർക്ക് ആറുബന്ധുക്കളെയും കൊണ്ടുവരാം.

സന്ദർശക വിസ ലഭിക്കണമെങ്കിൽ ഒരു എമിറാത്തി പൗരന്റെ സുഹൃത്തോ ബന്ധുവോ അല്ലെങ്കിൽ പ്രവാസിയുടെ ബന്ധുവോ ആകണം. എൻട്രി വിസകൾക്ക് അനുവദിച്ച തീയതി മുതൽ 60 ദിവസ കാലാവധിയുണ്ട്. വിസ ഉടമയ്‌ക്ക് 180 ദിവസത്തിൽ കൂടുതൽ തങ്ങാനാകില്ല. പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും നഷ്ടപ്പെട്ടാൽ യുഎഇയിൽ പ്രവേശിക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യോഗ്യതയുള്ള വകുപ്പിനെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ സന്ദർശിക്കാനും അനുവദിക്കും. സ്‌മാർട്ട് സർവീസ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രവേശന അപേക്ഷ സമർപ്പിക്കേണ്ടത്.

പാസ്‌പോർട്ട് സാധുത ആവശ്യകതയിൽനിന്ന് വിമാന ജീവനക്കാർ, നാവികർ, ടൂറിസ്റ്റ്, ക്രൂസ് കപ്പലുകളിലെ തൊഴിലാളികൾ, എമർജൻസി എൻട്രി, ട്രാൻസിറ്റ്, എൻട്രി വിസക്കാർ, സമീപ പ്രദേശങ്ങളിൽ പ്രവേശിക്കുന്നവർ  എന്നിവരെ ഒഴിവാക്കി. ഗോൾഡൻ വിസ, ഗ്രീൻ വിസക്കാർ, അവരുടെ കുടുംബങ്ങൾ, നിയമാനുസൃത കാരണങ്ങളാൽ ഇളവുകൾ ലഭിച്ചവർ എന്നിവരെ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത് തങ്ങിയാൽ റസിഡൻസ് വിസ റദ്ദാക്കുന്നതിൽനിന്ന് ഒഴിവാക്കി.

ഗോൾഡൻ, ഗ്രീൻ വിസക്കാർ, അവരുടെ കുടുംബങ്ങൾ, യുഎഇയിലെ വിദേശികളായ വിധവകൾ, വിവാഹമോചിതരായ പ്രവാസികൾ, ബിരുദാനന്തരം പഠനം തുടരുന്നവർ, സ്വദേശികളുടെ വിദേശ പാസ്‌പോർട്ടുള്ള പങ്കാളികൾ, അച്ഛനമ്മമാർ, കുട്ടികൾ എന്നിവർക്ക് റസിഡൻസ് പെർമിറ്റ് റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്താൽ 180 ദിവസംവരെ തങ്ങാം. വിസ റദ്ദാക്കിയ ശേഷമോ കാലഹരണപ്പെട്ട ശേഷമോ 90 ദിവസംവരെ രാജ്യത്ത് തങ്ങാൻ വിദഗ്ധരായ പ്രൊഫഷണലുകൾ, പ്രോപ്പർട്ടി ഉടമകൾ എന്നിവരെ അനുവദിക്കും. സ്‌പോൺസർമാരോ ആതിഥേയനോ നൽകിയ വിസയിലുള്ളവർക്ക് 60 ദിവസത്തേക്ക് താമസിക്കാം. മറ്റെല്ലാ വിഭാഗങ്ങൾക്കും വിസ കാലാവധി കഴിഞ്ഞാൽ 30 ദിവസം മാത്രമേ അനുമതിയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top