18 April Thursday

എല്ലാ രാജ്യക്കാരായ തൊഴിലാളികള്‍ക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്: യുഎഇ

അനസ് യാസിന്‍Updated: Thursday May 12, 2022
മനാമ: എല്ലാ പൊതു, സ്വകാര്യ മേഖല തൊഴിലാളികള്‍ക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് യുഎഇ. അടുത്ത വര്‍ഷം പദ്ധതി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഒരു തൊഴില്‍ വിട്ട് മറ്റൊരു തൊഴില്‍ അന്വേഷിക്കുന്ന കാലയളവിലാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
 
പദ്ധതിയുടെ ആനുകൂല്യം യുഎഇയില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കും. എന്നാല്‍, നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാറുള്ള തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, പുതിയ ജോലിയില്‍ ചേര്‍ന്ന പെന്‍ഷനോടെ വിരമിച്ചവര്‍ എന്നിവര്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സഎ ലഭിക്കില്ല.
 
തൊഴിലില്ലാത്ത വ്യക്തികള്‍ക്ക് പരിമിതമായ സമയത്തേക്ക് വരുമാന പിന്തുണ നല്‍കാനായി തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിക്ക് യുഎഇ മന്ത്രിസഭ കഴിഞ്ഞ തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ വിപണിയുടെ മത്സരക്ഷമത ശക്തിപ്പെടുത്തുക, തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക പിന്‍തുണ നല്‍കുക, എല്ലാവര്‍ക്കും സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ലക്ഷ്യമിടുന്നത്.
 
പുതിയ സംവിധാനം സ്വകാര്യ മേഖലയിലെ സ്വദേശികളുടെ നിയമനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ സ്വദേശികളുടെ തൊഴിലിനെ പിന്തുണയ്ക്കുന്ന കമ്പനികള്‍ക്ക് അവാര്‍ഡ് നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ 10 ശതമാനം തൊഴിലാളികളും പൗരന്മാരാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ ഈയിടെ യുഎഇ പ്രഖ്യാപിച്ചിരുന്നു.

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top