28 September Thursday

യുഎഇയിൽ ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്‌പോൺസർ ചെയ്യാൻ അനുമതി

അനസ് യാസിൻUpdated: Saturday Jun 10, 2023

മനാമ> യുഎഇയിൽ വിദേശികൾക്ക് ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്‌പോൺസർ ചെയ്യാൻ ഫെഡറൽ അതോറിറ്റി അനുമതി. കുട്ടികളുടെ യഥാർത്ഥ പിതാവിൽ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകിയാൽ വിസ ലഭിക്കും. റസിഡൻസ് പെർമിറ്റിന് ഒരു വർഷമായിരിക്കും കാലാവധി. ആവശ്യമായ വ്യവസ്ഥകൾ പാലിച്ചാൽ വർഷം തോറും പുതുക്കാം.

എൻട്രി, റെസിഡൻസി കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് നേരത്തെ ഭാര്യയെയും സ്വന്തം മക്കളെയും സ്‌പോൺസർ ചെയ്യാനായിരുന്നു അനുമതി. നവജാതശിശുക്കളെ സ്‌പോൺസർ ചെയ്യുന്നതിലും പുതിയ വ്യവസ്ഥ ഏർപ്പെടുത്തി. കുഞ്ഞ് ജനിച്ച് 120 ദിവസത്തിനുള്ളിൽ പിതാവ് റസിഡൻസ് പെർമിറ്റ് നേടിയിരിക്കണം. വീഴ്ചവരുത്തിയാൽ പിഴ നൽകേണ്ടിവരും.

പഠിക്കുന്ന ആൺമക്കളെ  25 വയസിനുശേഷവും സ്‌പോൺസർ ചെയ്യാൻ അനുമതി നൽകി. നിലവിൽ ആൺമക്കളെ 25 വയസ്‌വരെ മാത്രമാണ് സ്‌പോൺസർ ചെയ്യാനാകുക. അവിവാഹിതരായ പെൺമക്കളെ അവരുടെ പ്രായം പരിഗണിക്കാതെയും സ്‌പോൺസർ ചെയ്യാം. രണ്ട് വിവാഹം കഴിച്ച മുസ്ലീ പ്രവാസികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ വ്യവസ്ഥകൾക്കനുസൃതമായി രണ്ട് ഭാര്യമാരെയും അവരുടെ കുട്ടികളെയും സ്‌പോൺസർ ചെയ്യാനും ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് എന്നിവയ്‌ക്കുള്ള ഫെഡറൽ അതോറിറ്റി അനുമതി നൽകിയതായി അൽ ഖലീജ് പത്രം റിപ്പോർട്ട് ചെയ്‌തു.

കുടുംബ താമസ അനുമതികൾ സ്‌പോൺസറുടെയോ കുടുംബനാഥന്റെയോ റസിഡൻസ് പെർമിറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കുടുംബനാഥന്റെ താമസാനുമതി റദ്ദാക്കിയാൽ, വൈകാതെ കുടുംബാംഗങ്ങളുടെ പെർമിറ്റുകളും റദ്ദാക്കണം. പുതിയ താമസ വിസ നേടുന്നതിനോ രാജ്യം വിടുന്നതിനോ കുടുംബാംഗങ്ങൾക്ക് ആറ് മാസത്തെ കാലാവധി ലഭിക്കും. കുടുംബാംഗങ്ങളുടെ താമസ വിസ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിൽ വീഴ്‌ചവരുത്തിയാൽ പിഴ ഈടാക്കുമെന്നും ഫെഡറൽ അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top