20 April Saturday

ഇന്ത്യ, നൈജീരിയ അഭയാർഥികൾക്ക് യുഎഇ യുടെ സഹായം

കെ എൽ ഗോപിUpdated: Wednesday Dec 1, 2021

ദുബായ് > ഇന്ത്യയിലേയും, നൈജീരിയയിലേയും അഭയാർത്ഥികൾക്ക് സഹായമെത്തിക്കുന്നതിനായി  മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI) യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണറുമായി (UNHCR) 19 കോടിയുടെ (9.5 മില്യൺ ദിർഹം)  കരാറിൽ ഒപ്പുവച്ചതായി യുഎഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊറോണ വ്യാപനം ശക്തമായപ്പോൾ ജനങ്ങളുടെ വിശപ്പകറ്റുന്നതിനു വേണ്ടി യു എ ഇ ആരംഭിച്ച പദ്ധതിയാണ് വൺ മില്യൺ മീൽസ് ക്യാമ്പയിൻ.  4 ഭൂഖണ്ഡങ്ങളിലെ 30 രാജ്യങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.  ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൈജീരിയയിലേയും ഇന്ത്യയിലേയും അഭയാർത്ഥികൾക്ക്  യു എ ഇ യുടെ സഹായം എത്തുന്നത്. കരാർ പ്രകാരം 7.1 മില്യൺ യു എ ഇ ദിർഹം ധനസഹായം നൈജീരിയയിലെ 42,800 അഭയാർത്ഥികൾക്കും, 2.4 മില്യൺ യു എ ഇ ദിർഹം വിലവരുന്ന ഭക്ഷ്യ കിറ്റുകൾ ഇന്ത്യയിലെ 30,000 അഭയാർത്ഥികൾക്കും എത്തിയ്ക്കും.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ യുഎൻ അഭയാർത്ഥി കമ്മീഷൻ പ്രതിനിധി ഖാലിദ് ഖലീഫയും മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ സയീദ് അൽ അത്താറും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.  2021 ലെ യു എൻ അഭയാർത്ഥി കമ്മീഷൻ റിപ്പോർട്ട് പ്രകാരം യുദ്ധങ്ങൾ, അക്രമങ്ങൾ, പീഡനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ഏകദേശം 82.4 ദശലക്ഷം ആയി ഉയർന്നു. ഇതിൽ 26.4 ദശലക്ഷം ജനങ്ങളാണ്  അഭയാർത്ഥികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top