19 April Friday

യുഎഇ മഴക്കെടുതി: 7 മരണം, ഒരാളെ കാണാതായി

കെ എൽ ഗോപിUpdated: Sunday Jul 31, 2022

ദുബായ്>  യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഒരാളെ കാണാതായി. ദുരന്തനിവാരണ സേന  നടത്തിയ തിരച്ചലിനൊടുവിലാണ് റാസൽഖൈമ, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ നിന്നായി മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ സംബന്ധിച്ചും കാണാതായവരെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മരിച്ചവരെല്ലാം ഏഷ്യൻ വംശജരായ വിദേശികൾ ആണെന്നാണ് ലഭിക്കുന്ന വിവരം. ചിലയിടങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ 28 വർഷത്തിനിടയിൽ യുഎഇയിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ഉണ്ടായത്. മലനിരകളിൽ നിന്ന് കുതിച്ചെത്തിയ പ്രളയ ജലത്തിൽ പല റോഡുകളും തകർന്നു തരിപ്പണമായി. പലയിടങ്ങളിലും മാലിന്യങ്ങളും, മലകളിൽ നിന്ന് ഒലിച്ചിറങ്ങിയ വൻകല്ലുകളും അടിഞ്ഞുകൂടി റോഡുകൾ ഗതാഗത യോഗ്യമല്ലാതായി മാറി. മഴമൂലം അടച്ചിട്ട ഫുജൈറയിലെ രണ്ട് പ്രധാന റോഡുകൾ ഇപ്പോഴും തുറന്നു കൊടുത്തിട്ടില്ല. അൽ ബുറൈയ്യ റോഡും, ഖിദ്‌ഫ റിങ്ങ് റോഡും ആണ് ഈ രണ്ട് റോഡുകൾ. വിവിധ ഭാഷകളിൽ ഇതു സംബന്ധിച്ച അറിയിപ്പ് ഫുജൈറ പോലീസ് നൽകി വരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ ഉടനെ സാധാരണ നിലയിൽ ആകുമെന്നും, അടഞ്ഞുകിടക്കുന്ന റോഡുകൾ ഓരോന്നായി തുറന്നു കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രിഗേഡിയർ ജനറൽ ഡോക്ടർ അലി സലേം അൽ തുനൈജി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top