24 April Wednesday

യു എ ഇ ദേശീയ ദിനസമ്മാനമായി ട്രാഫിക് പിഴയിൽ വൻ ഇളവ്

കെ എൽ ഗോപിUpdated: Tuesday Nov 22, 2022

ദുബായ്> യുഎഇ നിവാസികൾക്ക് ദേശീയദിന സമ്മാനമായി ട്രാഫിക് പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് വിവിധ എമിറേറ്റുകൾ. ട്രാഫിക് പിഴകളിൽ 50 ശതമാനം വരെ കിഴിവ് മൂന്ന് എമിറേറ്റുകൾ നൽകിയപ്പോൾ, അബുദാബിയിൽ "വേഗത്തിൽ തുക അടയ്ക്കൂ ഡിസ്‌കൗണ്ട് നേടൂ" എന്ന ഓഫറാണ് നൽകിയിരിക്കുന്നത്. അബുദാബി പോലീസിന്റെ ഈ പദ്ധതി വഴി വാഹനമോടിക്കുന്നവർക്ക് പിഴകൾ നേരത്തെ തീർത്താൽ ഇളവുകൾ ലഭിക്കും.60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനവും, ഒരു വർഷത്തിനുള്ളിൽ പണമടച്ചാൽ 25 ശതമാനം കിഴിവും  ലഭിക്കും.

നവംബർ 11-ന് മുമ്പ് ലഭിച്ചിട്ടുള്ള പിഴകൾക്ക് 50 ശതമാനം ഇളവാണ് അജ്‌മാൻ എമിറേറ്റ് നൽകുന്നത്.  2023 ജനുവരി 6 വരെ പിഴ അടയ്ക്കാൻ സമയവും അനുവദിച്ചിട്ടുണ്ട്. ജീവൻ അപകടപ്പെടുത്തുക, ചുവന്ന ലൈറ്റ് ചാടുക, പരിധിക്കപ്പുറം മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കുകയില്ല.

ഉം അൽ ഖുവൈനിലും ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് ഏർപ്പെടുത്തി.  2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ്  ഇളവ് അനുവദിച്ചിരിക്കുന്നത്.  ഒക്‌ടോബർ 31-ന് ചെയ്‌ത നിയമലംഘനങ്ങൾക്കാണ് ഇത് ബാധകമായിട്ടുള്ളത്. പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, ചുവന്ന ലൈറ്റ് ചാടൽ, മണിക്കൂറിൽ 80 കി.മീ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കൽ, അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിൻ അല്ലെങ്കിൽ ചേസിസ് പരിഷ്ക്കരിക്കൽ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് ഈ ഇളവ് ലഭിക്കുകയില്ല.

രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ പോലീസും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.  നവംബർ 26 ന് മുമ്പ് ഉണ്ടായിട്ടുള്ള നിയമലംഘനങ്ങൾക്കാണ് ഈ ഇളവ്. ട്രാഫിക് പിഴയിൽ ഇളവ് മാത്രമല്ല,  ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കുകയും ചെയ്യുന്നതായി ഫുജൈറ പോലീസിന്റെ ജനറൽ കമാൻഡ് അറിയിച്ചു. ദേശീയ ദിനത്തിന്റെ സന്തോഷകരമായ അവസരത്തിൽ പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ സന്തോഷവും ആഹ്ലാദവും പകരാൻ ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

താമസക്കാരെ സഹായിക്കുന്നതിനും അവരുടെ ട്രാഫിക് ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതിനുമായി ഈ സംരംഭം നടപ്പിലാക്കാൻ അതോറിറ്റി ആഗ്രഹിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താനും നിയമലംഘനങ്ങൾക്കുള്ള പണം വേഗത്തിലാക്കാനും ഈ കാലയളവിലെ കിഴിവിൽ നിന്ന് പ്രയോജനം നേടാനും കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും അദ്ദേഹം കമ്മ്യൂണിറ്റി അംഗങ്ങളോട് ആഹ്വാനം ചെയ്‌തു. ഈ മാസം ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച മൂന്നാമത്തെ എമിറേറ്റാണ് ഫുജൈറ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top