16 April Tuesday

ദുബായിൽ തൃശൂർ പൂരമൊരുങ്ങുന്നു; സംഘാടകർ ‘മ്മടെ തൃശ്ശൂർ ’

വെബ് ഡെസ്‌ക്‌Updated: Monday Dec 13, 2021


ദുബായ് >  തൃശൂർ പൂരത്തിന്റെ മാതൃകയിൽ ദുബായിൽ ഉത്സവമൊരുങ്ങുന്നു. ‘മ്മടെ തൃശ്ശൂർ യുഎഇ കൂട്ടായ്മയുടെ’ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 17ന് ദുബായ് എത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ്  തൃശൂർ പൂരത്തിന്റെ ദുബായ് പതിപ്പ് ഒരുങ്ങുന്നത്. കോവിഡ് കാലത്തെ തളർച്ചക്കു ശേഷം ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗം സജീവമാകുന്നതിന്റെ ഭാഗമായി നിരവധി കൂട്ടായ്മകളും സംഘടനകളും വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തൃശൂർ പൂരത്തിന്റെ ദുബായ് പതിപ്പിൽ മേളത്രയങ്ങൾ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, പെരുവനം സതീശൻ മാരാർ എന്നിവരും, കരിയന്നൂർ സഹോദരങ്ങളും  എത്തും. ശിങ്കാരി മേളം, തൃശ്ശൂർ കോട്ടപ്പുറം ദേശം പുലികൾ, കാവടികൾ, താലപ്പൊലി, കേരളത്തിലെ നാടൻകലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയ വർണപ്പകിട്ടേറിയ ഘോഷയാത്രയും പൂരത്തിനോടനുബന്ധിച്ചു നടക്കുമെന്ന് സംഘാടകർ ദുബായിൽ അറിയിച്ചു. എഴുന്നെള്ളിപ്പിനും കുടമാറ്റത്തിനുമായി റോബോട്ടിക് ആനകളും, നാദലഹരി പകരാൻ തൈക്കുടം ബ്രിഡ്‌ജും ഇത്തവണ ഉണ്ടാകും.
 
തേക്കിൻകാട് മൈതാനത്തെ അനുസ്മരിപ്പിക്കും വിധം എത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിനെ പൂരപ്പറമ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞെന്ന്‌ മ്മടെ തൃശ്ശൂർ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. പൂരം വേദിയിലെത്താൻ എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും രാവിലെ പത്തു മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെ ഓരോ മണിക്കൂറിലും സൗജന്യ ഷട്ടിൽ ബസ് സർവീസും അബുദാബിയിൽ നിന്ന് നാല് സൗജന്യ ബസ് സർവീസുകളും ഉണ്ടാകും. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഭീമ ജ്വല്ലറി, ആനക്കാർട്ട്.കോം, നിക്കായ് തുടങ്ങി  മറ്റനവധി സ്പോൺസർമാരുടെ  വക സ്വർണ്ണ നാണയങ്ങളും വിമാനയാത്ര ടിക്കറ്റുകളും നൽകുന്നതായിരിക്കും. 65 ഇഞ്ച് സ്മാർട്ട് ടെലിവിഷൻ  ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് പൂരത്തിന്റെ സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.

ആനക്കാർട്ട്.കോം മെഗാ ലോഞ്ചിംഗ് , മ്മടെ തൃശ്ശൂർ കൂട്ടായ്മ അംഗങ്ങൾ തയ്യാറാക്കിയ കുട്ടി സ്റ്റോറി പുസ്തക പ്രകാശനം, മ്മടെ മുത്തശ്ശി കഥ മൽസരവിജയി പ്രഖ്യാപനം എന്നിവ പൂരവേദിയിൽ വെച്ച് നടക്കും.  യു.എ.ഇ. യിലെ വിവിധ സംഘടനകളുടേയും, കൂട്ടായ്മകളുടേയും സഹകരണത്തോടെയാണ് മ്മടെ തൃശൂർ യു എ ഇ പൂരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

പ്രവേശന പാസ് ലഭിക്കുവാൻ വെബ്സൈറ്റ് www.ticketmagic.me
മൊബൈൽ 0586308671, 0505451623 & 0506407705


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top