19 April Friday
കേരള-അറബ് സാംസ്‌ക്കാരികോത്സവം നവംബറില്‍

പാലം- ദിബ്രിഡ്ജ് ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 17, 2022

മനാമ >  ബഹ്‌റിന്‍ പ്രതിഭ നവംബര്‍ 3, 4 തീയതികളില്‍ സംഘടിപ്പിക്കുന്ന കേരള-അറബ് സാംസ്‌ക്കാരികോത്സവമായ 'പാലം- ദി ബ്രിഡ്ജ് 2022' ന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിക്ക് നല്‍കി പാലം ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂരാണ് പ്രകാശനം നിര്‍വഹിച്ചത്. 

 
പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി പാലം ധനകാര്യ കണ്‍വീനര്‍ മഹേഷ് യോഗി ദാസ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ രാജേഷ് ആറ്റഡപ്പ, കലാ വിഭാഗം കണ്‍വീനര്‍ അനഘ, ജോയന്റ് സെക്രട്ടറി പ്രജില്‍ മണിയൂര്‍, വൈസ് പ്രസിഡണ്ട് ഡോ. ശിവകീര്‍ത്തി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷെറീഫ് കോഴിക്കോട്, റാം, ബിനു മണ്ണില്‍, ലിവിന്‍ കുമാര്‍, എന്‍കെ വീരമണി എന്നിവരും സംഘടക സമിതി അംഗങ്ങളും സംബന്ധിച്ചു.
 
ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പാലം ഷോ അരങ്ങേറുക. കലാകാരന്‍മാരായ കടുവ ഫെയിം അതുല്‍  നറുകര, പ്രസീത ചാലക്കുടി, സൂഫി സംഗീതജ്ഞര്‍ സമീര്‍ ബിന്‍സി എന്നിവര്‍ പരിപാടിക്കെത്തും. 
 
നവംബര്‍ 3 ന് രാത്ര എട്ടു മുതല്‍ വെള്ളിയാഴ്ച രാത്രി 10 വരെ നീളുന്ന തിറ, തെയ്യം, പടയണി, കോല്‍ക്കളി, മുട്ടി പാട്ട് തുടങ്ങി വിവിധങ്ങളായ കേരളീയ നാടന്‍ കലാരൂപങ്ങളും അറബിക് കലാപരിപാടികളും ചേര്‍ന്ന സാംസ്‌ക്കാരിക പരിപാടികള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  ബേക്കല്‍ കോട്ട, മിഠായി തെരുവ്, മട്ടാഞ്ചേരി ജൂത തെരുവ്, തിരുവനന്തപുരം പാളയം പള്ളി, അമ്പലം, മസ്ജിദ് ചേര്‍ന്ന മത മൈത്രി ഇടം, ബഹ്‌റൈന്‍ ട്വിന്‍ ടവര്‍, ബാബല്‍ ബഹ്‌റൈന്‍ എന്നീ കേരളത്തിന്റെയും ബഹ്‌റൈനിന്റെയും ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ ഉള്ള ശ്രമം നടത്തിവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫുഡ് സ്റ്റാളുകള്‍ക്കൊപ്പം ചരിത്ര, ചിത്ര, കരകൗശല, പുസ്തക, ശാസ്ത്ര പ്രദര്‍ശന സ്റ്റാളുകളും പാവകളി, മാജിക്, സൈക്കിള്‍ ബാലന്‍സ് എന്നീ കലാ പരിപാടികളും ഉണ്ടാകും.
 
പ്രതിഭയുടെ 26 യുനിറ്റുകള്‍, അതിന്റെ 13 സബ് കമ്മിറ്റികള്‍ എന്നിവ ചേര്‍ന്ന ഘോഷയാത്രയും അരങ്ങേറും, കേരളത്തിലെയും ബഹ്‌റൈനിലെയും മന്ത്രിമാര്‍, ഇന്ത്യന്‍ അംബാസഡര്‍, ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌ക്കാരിക, ജനപ്രതിനിധികള്‍ എന്നിങ്ങനെയുള്ള പ്രമുഖര്‍ പാലം  ദിബ്രിഡ്ജില്‍ സംബന്ധിക്കും. 
 
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജിതും ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂരും  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top