19 April Friday

കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നു: സുനില്‍ പി ഇളയിടം

കെ എൽ ഗോപിUpdated: Monday Nov 7, 2022

ഷാര്‍ജ > നവോത്ഥാന ചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. ഇന്ത്യയില്‍ മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത വിധം സമത്വവും സാഹോദര്യവുമെന്ന മാനവികമായ മൂല്യങ്ങളില്‍ നിന്നാണ് കേരളമെന്ന സങ്കല്‍പം രൂപപ്പെടുന്നത്. നാല്‍പതുകളില്‍ കേരളമെന്ന ആശയം ഉയര്‍ന്നുവരുമ്പോള്‍ ആധുനിക സമൂഹമെന്ന നിലയില്‍ മലയാളികള്‍ വേറിട്ടൊരു ജീവിതക്രമം കെട്ടിപ്പടുത്തിരുന്നു. കേരളീയ സമൂഹം സ്വന്തമാക്കിയ മൂല്യങ്ങള്‍ പൊടുന്നനെ രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളിലൂടെ കടന്നു പോയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലമുണ്ടതിന്. ദേശീയ പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, ജാതി നശീകരണം, മിഷണറി പ്രവര്‍ത്തനം, മത-സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിന്റെ സമത്വ ചിന്ത.

സ്വാതന്ത്ര്യാനന്തരം ഒരു ആധുനിക സമൂഹമെന്ന നിലയില്‍ വളരെ പെട്ടെന്നായിരുന്നു മലയാളി സമൂഹത്തിന്റെ വളര്‍ച്ച. സാഹോദര്യം വലിയ രാഷ്ട്രീയ ആശയമായി ഭരണഘടനാ നിര്‍മ്മാണത്തിന്റെ ചര്‍ച്ചാ വേളയില്‍ അംബേദ്കര്‍ ഉന്നയിച്ചിരുന്നു. സാഹോദര്യവും സമത്വവും ഒരു സമൂഹത്തിലും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. കേരള രൂപീകരണത്തിന്റെ ബിന്ദുവില്‍ ഈ ദര്‍ശനം കാണാനാവും. ഒരു വ്യക്തിയുടെ അന്തസ്സും ഔന്നിത്യവും ഒരു സമൂഹത്തില്‍ പ്രകടമാവണമെങ്കില്‍ സാഹോദര്യ സങ്കല്‍പം അനിവാര്യമാണെന്ന് അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു. അത് ഭരണഘടനാ തത്വത്തില്‍ അദ്ദേഹം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. വ്യക്തിയുടെ അന്തസ്സ് എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക ക്രമം കെട്ടിപ്പടുക്കാന്‍ ആധുനിക കേരളത്തിന് കഴിഞ്ഞുവെന്നതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നത്. കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആകര്‍ഷിക്കുന്നത് ഉയര്‍ന്ന വരുമാനം മാത്രമല്ല, അതിനപ്പുറം മനുഷ്യതുല്യമായ അവസരവും അന്തസ്സും അവര്‍ക്ക് ലഭിക്കുന്നതു കൊണ്ടു കൂടിയാണ്. എന്നാല്‍ സമകാലിക കേരളീയ ജീവിതം നിരീക്ഷിച്ചാല്‍ വിപരീത ദിശയിലുള്ള കടന്നാക്രമണം നടക്കുന്നതായി കാണാം. ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു-സുനില്‍ പി ഇളയിടം പറഞ്ഞു.
 
41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏഴര പതിറ്റാണ്ടിന്റെ കേരള പരിണാമം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതബോധത്തെ സാമൂഹ്യ ബോധമാക്കി മാറ്റുകയെന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും തുല്യമായ അന്തസ്സ് എന്ന കേരളീയ സങ്കല്‍പത്തിനു മേൽ വലിയ ആക്രമണമാണ് നടക്കുന്നത്.  ദൈവ വിശ്വാസം മനുഷ്യ നന്മക്കായി മാറ്റുന്നതിന് പകരം മനുഷ്യനെ വിഭജിക്കാനാണ് ഉപയോഗിക്കുന്നത്. ദൈവവിശ്വാസമെന്ന മൂല്യത്തെ തന്നെ മാറ്റിമറിക്കുകയാണ് വിഭജനത്തിന്റെ ശക്തികള്‍ ചെയ്യുന്നത്. തന്നെപ്പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചിന്തയാണ് യഥാര്‍ത്ഥത്തില്‍ ആധുനികത. പുതിയ കാലത്ത് നമ്മള്‍ ആധുനിക സമൂഹമാണോ എന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ടതുണ്ട്. അന്യന്റെ ഭൂമിയിലേക്കും വഴി വക്കിലേക്കും ചപ്പുചവറുകള്‍ വലിച്ചെറിയുന്ന മലയാളി ആധുനികനാണോ എന്നാണ് ചിന്തിക്കേണ്ടത്.

ഇത്രയും വിജ്ഞാനം നേടിയെടുത്ത ഒരു സമൂഹം വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും പിടിയിലാണ്. ഇത് മാറ്റിയെടുക്കാനുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. വ്യത്യസ്തതകളില്‍ നിന്നും വേട്ടയാടപ്പെടാതിരിക്കാനുള്ള അവകാശമാണ് ജനാധിപത്യമെന്ന് അംബേദ്കര്‍ നിര്‍വ്വചിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെ സംരക്ഷിക്കുന്നതാണ് ജനാധിപത്യം. ഭിന്നസ്വരങ്ങള്‍ക്ക് എത്രത്തോളം ഇടമുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവങ്ങളെ വിഭജനത്തിന്റെ ശക്തികളായി മാറ്റുകയാണിവിടെ. സാഹോദര്യമെന്ന ഭാവം കേരളത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വെറുപ്പിനെതിരെ സ്‌നേഹമെന്ന മൂല്യത്തെ പ്രകാശിപ്പിക്കണം. നവോത്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ നമുക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയുമോ എന്ന കാര്യമാണ് ഈ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഓരോ മലയാളിയും ചിന്തിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തക തന്‍സി ഹാഷിര്‍ അവതാരകയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top