06 July Sunday

ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം "തരംഗ് 2023' ന് അരങ്ങൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം "തരംഗ് 2023' ന്റെ സ്റ്റേജ് മത്സരങ്ങള്‍ വ്യാഴാഴ്‌ച സ്‌കൂളിലെ ഇസ ടൗണ്‍ കാമ്പസില്‍ ആരംഭിക്കും. വൈകീട്ട് ആറരക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിന്‍ മുഖ്യാതിഥിയാകും. ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ പുതിയ എല്‍ഇഡി സ്റ്റേജ് സ്‌ക്രീന്‍ ഡിസ്‌പ്ലേ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം വിദ്യാര്‍ഥികളുടെ നാടോടിനൃത്തം, സംഘഗാനം, മൈം  മത്സരങ്ങള്‍ അരങ്ങേറും.

120 ഇനങ്ങളിലായി 4000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ യുവജനോത്സവങ്ങളിലൊന്നാണ്. സെപ്‌തംബര്‍ 23,24,25,26 തീയതികളില്‍ സ്റ്റേജ് പരിപാടികള്‍ തുടരും. കലാശ്രീ, കലാപ്രതിഭ പട്ടങ്ങളും ഹൗസ് ചാമ്പ്യന്‍ അവാര്‍ഡുകളും ഗ്രാന്‍ഡ് ഫിനാലെയില്‍ സമ്മാനിക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക ഘട്ടങ്ങളിലും മത്സരം നടക്കുന്നുണ്ട്. ഇസ ടൗണ്‍ കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപന്യാസ രചനാ മത്സരത്തില്‍ പങ്കെടുത്തു. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സിവി രാമന്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികളെ വിവിധ ഹൗസുകളായി തിരിച്ച് പുരസ്‌കാരങ്ങള്‍ നേടുന്നതിനായി മത്സരിക്കുന്ന സമ്പ്രദായമാണ് ഇന്ത്യന്‍ സ്‌കൂള്‍ പിന്തുടരുന്നത്. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ കലാശ്രീ, കലാപ്രതിഭ അവാര്‍ഡുകള്‍ക്ക് അര്‍ഹരായിരിക്കും.

കുറ്റമറ്റ ഫല പ്രഖ്യാപനങ്ങള്‍ക്കായി ഇന്ത്യന്‍ സ്‌കൂള്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു. 800ഓളം ട്രോഫികളാണ് യുവജനോത്സവ പ്രതിഭകളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സുഗമമാക്കുന്നതിനും അവരുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച കഴിവുകള്‍ പുറത്തെടുക്കുന്നതിനുമാണ് യുവജനോത്സവം നടത്തുന്നതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു. പൊതുവേദിയില്‍ സാംസ്‌കാരിക വൈദഗ്ധ്യം പ്രകടമാക്കി യുവജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദ മനോഭാവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് യുവജനോത്സവം ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു.അടുത്തിടെ സമാപിച്ച സ്റ്റേജിതര മത്സരങ്ങളില്‍  വിദ്യാര്‍ത്ഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top