25 April Thursday

മുൻകൂർ രജിസ്ട്രേഷനില്ലാതെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പാസ്പോർട്ട് പുതുക്കാൻ അവസരം

കെ എൽ ഗോപിUpdated: Sunday May 22, 2022

ദുബായ്> മുൻകൂർ രജിസ്‌ട്രേഷനില്ലാതെ അടിയന്തരമായി പാസ്‌പോർട്ട് പുതുക്കാൻ സൗകര്യമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. മെയ് 22, 29 തീയതികളിൽ കാലത്ത് 10 മുതൽ ഉച്ചയ്‌ക്ക് 2 മണി വരെ ദുബായിലേയും, ഷാർജയിലേയും ബി എൽ എസ് സെന്ററുകൾ വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്. അത്യാവശ്യക്കാർ നേരിട്ടെത്തി അപേക്ഷ  പുതുക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനായി ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുത്ത് കാത്തിരിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. അടിയന്തരമായി പാസ്പോർട്ട് പുതുക്കുന്നതിനും മറ്റും കാലതാമസം നേരിടുന്നതിൽ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഇതിനു പരിഹാരമായാണ് ഇളവ് നൽകിയിരിക്കുന്നത്.  രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പാസ്പോർട്ട് പുതുക്കി നൽകുന്നത്.

അടിയന്തരമായി പാസ്പോർട്ട് ലഭിക്കേണ്ട സാഹചര്യം ഉള്ളവർ, ചികിത്സ, മരണം എന്നിങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകേണ്ടവർ, ജൂൺ 30ന് മുമ്പ് പാസ്പോർട്ട് കാലാവധി കഴിയുന്നവർ, വിസ കാലാവധി കഴിയുകയോ വിസ മാറുകയോ ചെയ്യേണ്ടവർ, പഠന ആവശ്യങ്ങൾക്കായി ഉടൻ എൻ ആർ ഐ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, ജോലി എമിഗ്രേഷൻ എന്നിവയ്ക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നവർ എന്നിങ്ങനെ ഉള്ളവർക്കാണ് ഈ രണ്ടു ദിവസങ്ങളിലുള്ള പ്രത്യേക സേവനം ലഭിക്കുന്നത്.   

ബർദുബായിലെ അൽ ഖലീജ് സെൻറർ, ദുബായ് ദെയ്‌റ സിറ്റി സെൻറർ, ബർദുബായ് ബാങ്ക് സ്ട്രീറ്റിലെ എ ജി സൂറിച്ച് ബാങ്ക് ബിൽഡിംഗ്, ഷാർജ എച്ച് എസ് ബി സി ബാങ്കിലുള്ള ബി എൽ എസ് സെന്റർ എന്നീ സെന്ററുകളിലാണ്‌ ഈ സൗകര്യം ഉള്ളത്. ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളുമായി അപേക്ഷകർ എത്തണം . ഇതുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾക്ക് 80046342 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top