03 December Sunday

ഗാനവിരുന്നുമായി ശ്രേയ വരുന്നു; കാതോര്‍ത്ത് കാനഡ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

ടൊറന്റോ > പ്രശസ്ത ​ഗായിക ശ്രേയാ ഘോഷാലിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി. ഒക്ടോബര്‍ 14ന് ബ്രാംപ്ടനിലെ സിഎഎ സെന്ററില്‍ നടക്കുന്ന ശ്രേയാ ഘോഷാല്‍ സംഗീതനിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ മ്യൂസസ് കേരള ഫൗണ്ടേഷൻ ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

പിന്നണിഗാനരംഗത്ത്‌ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തില്‍ നടത്തുന്ന ലോകപര്യടനത്തിന്‍റെ ഭാഗമായാണ് ശ്രേയ കാനഡയില്‍ എത്തുന്നത്‌. ഇപ്പോള്‍ അമേരിക്കയിലുള്ള ശ്രേയയും സംഘവും ഒക്ടോബര്‍ 10ന് ടൊറന്റോയിലെത്തും. 14ന് വൈകിട്ട് 7 മുതല്‍ 10വരെയാണ് ‘ശ്രേയ ഘോഷാല്‍...ഓള്‍ ഹേര്‍ട്സ് ടൂര്‍’ എന്ന് പേരിട്ടിരിക്കുന്ന സംഗീതനിശ. 6 മണി മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഏറ്റവും ആധുനികമായ ശബ്ദ-സാങ്കേതിക സംവിധാനങ്ങളാണ് സംഗീതവിരുന്നിനായി ക്രമീകരിച്ചിട്ടുള്ളത്.  

സ്വപ്നതുല്യമായ കലാജീവിതത്തില്‍ അഞ്ചാം തവണയും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയതിന് തൊട്ടുപിന്നാലെയാണ് ശ്രേയ കാനഡയിലെത്തുന്നത്. അതുകൊണ്ടുതന്നെ വലിയ പങ്കാളിത്തമാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകളും ഒട്ടേറെ പ്രാദേശികഭാഷാ അവാര്‍ഡുകളും നേടിയിട്ടുള്ള ശ്രേയയ്ക്ക് ലോകമെങ്ങും വിപുലമായ ആരാധകവൃന്ദമുണ്ട്. മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നാലു തവണ നേടിയിട്ടുള്ള ശ്രേയയുടെ മലയാളം പാട്ടുകൾ നേരിട്ട് കേൾക്കാനുള്ള സുവർണാവസരമാണ് മലയാളികൾക്ക്.  

5000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തിലെ 75 ശതമാനത്തോളം ടിക്കറ്റുകള്‍ ഇതിനകംതന്നെ വിറ്റഴിഞ്ഞതായി സംഘാടകരായ മ്യൂസസ് കേരള ഫൗണ്ടേഷന്‍ അറിയിച്ചു. 75 മുതല്‍ 500 ഡോളര്‍വരെയാണ് ടിക്കറ്റ്നിരക്ക്. 200 ഡോളറിനു മുകളിലുള്ള ടിക്കറ്റുകള്‍ പരിമിതമായ സമയത്തേക്ക് 20 ശതമാനം ഇളവില്‍ കിട്ടും. ആറോ അതില്‍ കൂടുതലോ ഉള്ള ഗ്രൂപ്പ് ടിക്കറ്റുകള്‍ക്ക് പ്രത്യേക ഇളവുണ്ട്.  

മിസിസാഗ ടിഎംഎസ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എംകെ ഫൌണ്ടേഷന്‍ ഡയറക്ടര്‍മാരായ ബിജു മാത്യു, ശുഭാ യോഗി, റെജി സുരേന്ദ്രന്‍, സനീഷ് ജോസഫ്, സി ജി പ്രദീപ്‌ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top