29 March Friday

ശൈഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡന്റ്

കെ എൽ ഗോപിUpdated: Saturday May 14, 2022

അബുദാബി > യുഎഇയുടെ പുതിയ പ്രസിഡന്റായി അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഡപ്യൂട്ടി സുപ്രിംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻസായിദ് അൽനഹ്യാനെ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻറാഷിദ് അൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ഫെഡറൽ സുപ്രീം കൗൺസിൽ ഇന്ന് ഏകകണ്ഠമായി തെരഞ്ഞെടുത്തു.

ഇന്നലെ അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാന്റെ പിൻഗാമി 61കാരനായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ്. 2004 മുതൽ അബൂദബി കിരീടാവകാശിയായിരുന്നു ശൈഖ് മുഹമ്മദ്. ശൈഖ് ഖലീഫയുടെ നിര്യാണത്തോടെ അബൂദബിയുടെ 17ാമത് ഭരണാധികാരി കൂടിയായി ശൈഖ് മുഹമ്മദ് മാറി. 2005 മുതൽ യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രിം കമാൻഡർ കൂടിയാണ് ശൈഖ് മുഹമ്മദ്.

യുഎഇയുടെ പ്രഥമ പ്രസിഡന്റ്‌ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ് യാൻ  അന്തരിച്ചതോടെയാണ് മകൻ ശൈഖ് ഖലീഫ യുഎഇയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 18 വർഷത്തോളം ശൈഖ് ഖലീഫ യുഎഇയെ നയിച്ചു.

സ്ഥാപക പിതാവായ ഷെയ്‌ഖ് സായിദ് മുന്നോട്ടുവെച്ച ആധികാരിക മൂല്യങ്ങളും തത്വങ്ങളും തുടർന്നും നടപ്പിലാക്കാനും, യൂണിയൻ്റെയും എല്ലാ തലങ്ങളിലും അതിന്റെ നേട്ടങ്ങളുടെ വിശ്വസ്‌ത സംരക്ഷകനായി ജനങ്ങളെയും രാജ്യത്തെയും സേവിക്കുന്നതിൽ വിജയം കൈവരിക്കട്ടെ എന്നും വിവിധ എമിറേറ്റിലെ ഭരണാധികാരികളും നേതാക്കളും ആശംസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top