26 April Friday

ഷാരൂഖ് എത്തി; ആരാധകരെ ഉൾക്കൊള്ളുവാനാകാതെ ഷാർജ എക്‌സ്‌പോ

കെ എൽ ഗോപിUpdated: Sunday Nov 13, 2022

ഷാർജ: അന്താരാഷ്‌ട്ര പുസ്‌തകോത്സവ വേദിയിൽ ഷാരൂഖ് ഖാനെ കാത്ത് പതിനായിരങ്ങൾ. ആരാധകരെ ഉൾക്കൊള്ളുവാനാകാതെ എക്സ്പോ വേദി വീർപ്പുമുട്ടി. പുസ്തകോത്സവ വേദിയിലെ ഏറ്റവും വലിയ ഹാളായ ബാൾ റൂമിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ജനബാഹുല്യം മൂലം ഇവിടെ പ്രവേശിക്കാൻ കഴിയാതെ പലരും നിരാശരായി. പ്രവേശന കവാടങ്ങൾ പലതും അടച്ചിട്ടതിനാൽ ആളുകൾക്ക്  പലരും നിരാശരായി പുറത്ത് കൂട്ടംകൂടി നിന്നു. അറബ് മേഖലയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. അതുകൊണ്ടുതന്നെ ഒട്ടനവധി ആളുകളാണ് താരത്തെ കാണുവാൻ പുസ്തകോത്സവ നഗരിയിൽ എത്തിയത്. രാവിലെ തന്നെ ആരാധകർ ഷാർജ എക്‌സ്‌പോ സെന്റർ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഉച്ചയോടെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബാൾറൂമിൽ കയറിപ്പറ്റാൻ തിക്കുംതിരക്കുമായിരുന്നു. താരത്തിന്റെ വരവ് പ്രമാണിച്ച് ഷാർജ ബുക്ക് അതോറിറ്റി മികച്ച സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ബാൾറൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകൾ ആവേശത്തോടെ കസേരകളിൽ എഴുന്നേറ്റ് നിന്ന് വരവേറ്റു.

താരജാഡകളില്ലാതെ പ്രേക്ഷക  മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നാണ് അദ്ദേഹം സംസാരിച്ചത്. എന്റെ സിനിമകളിൽ നിങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് എന്റെ ആവേശം-അദ്ദേഹം പറഞ്ഞു. എന്റെ ഉറക്കത്തിലും ഉണർവിലും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഈ 57-ാം വയസ്സിൽ സിനിമയിൽ സജീവമായി നിൽക്കാനും 18 മണിക്കൂർ ജോലി ചെയ്യാൻ ആവേശം നൽകുന്നതും പ്രേക്ഷകർ നൽകുന്ന സ്‌നേഹത്തിന്റെ കരുത്തിൽ നിന്നാണ്.  'ബാസിഗർ', 'ഓം ശാന്തി ഓം ,  'ഡോൺ', 'തുടങ്ങിയ സിനിമകളിലെ  സൂപ്പർഹിറ്റ് ഡയലോഗുകൾ സ്‌റ്റേജിൽ അവതരിപ്പിച്ച് താരം പ്രേക്ഷകരെ ആവേശത്തിലാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top