25 April Thursday

ഷാർജ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നവംബർ രണ്ടു മുതൽ 13 വരെ

കെ എൽ ഗോപിUpdated: Thursday Sep 22, 2022

ഷാർജ> ഈ വർഷത്തെ ഷാർജ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നവംബർ രണ്ടിന് ആരംഭിക്കും. "വാക്കുകൾ പ്രചരിപ്പിക്കുക" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. യുഎഇയുടെ സാംസ്‌കാരിക പദ്ധതിയെ ഉയർത്തിക്കാട്ടുന്നതിനും ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ എഴുതപ്പെട്ട വാക്കിന്റെ ശക്തിയെക്കുറിച്ച്  സമൂഹത്തിൽ അവബോധം വളർത്തുന്നതിനും ഈ വർഷത്തെ പ്രമേയം സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു.

മൂല്യങ്ങളിൽ അധിഷ്‌ഠിതമായ സാംസ്‌കാരിക ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കുന്നതിൽ വാക്കുകളുടെ കരുത്തും ചൈതന്യവും പ്രചരിപ്പിക്കുന്നതിനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സാംസ്കാരിക വൈവിധ്യത്തെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി വാക്കുകൾക്ക് എന്ത് ചെയ്യാനാകുമെന്ന് പ്രകടമാക്കാൻ ഇത്തവണത്തെ പ്രമേയത്തിലൂടെ സാധിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം.

രാഷ്ട്രങ്ങളുടെ വികസന യാത്രകളിലും, വിവിധ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിലും പുസ്തകങ്ങളുടെ പങ്ക് വലുതാണ്. സംസ്കാരത്തെ നയിക്കുന്നതിൽ രചയിതാക്കൾ, സർഗ്ഗാത്മക പ്രതിഭകൾ, ബുദ്ധിജീവികൾ എന്നിവരുടെ സ്വാധീനവും ഏറെ പ്രാധാന്യമുള്ളതാണ്. പുസ്തകങ്ങൾ ഒരു ജനതയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു. പുസ്തകങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിനുകളാണ്. അവർ മാറ്റ നിർമ്മാതാക്കളും ഒരു വികസന ഉപകരണവുമാണ്. അവയില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ല എന്നും രണ്ടു പുറം ചട്ടകളിൽ മാത്രം ഒതുക്കിയിടാനല്ല വാക്കുകൾ പിറക്കുന്നതെന്നും അവ ക്രിയാത്മക അന്വേഷണങ്ങളുടെ കാതലാണെന്നും എസ്ഐബിഎഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.

നോബൽ സമ്മാന ജേതാവ് അബ്ദുൽ റസാഖ് ഖുർന അടക്കമുള്ള നിരവധി പ്രശസ്തരാണ് കഴിഞ്ഞ തവണ പുസ്തകോത്സവത്തിൽ എത്തിയത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, കലാകാരന്മാർ, ബുദ്ധിജീവികൾ എന്നിവരെല്ലാം ഒത്തുചേരുന്ന മേള കൂടുതൽ വർണാഭമായി നടത്താനാണ് ഇത്തവണ ആലോചിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top