17 April Wednesday

സാഹിത്യം ആരുടെയും കുത്തകയല്ല: ജി.ആര്‍ ഇന്ദുഗോപന്‍

കെ. എല്‍. ഗോപിUpdated: Sunday Nov 6, 2022

ഷാര്‍ജ> സാഹിത്യം ആരുടെയും കുത്തകയല്ലെന്നും പുതിയ യുഗത്തില്‍ അത് കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടതായും കഥാകൃത്തും നോവലിസ്റ്റുമായ ജി.ആര്‍ ഇന്ദുഗോപന്‍. ഒരാള്‍ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നുമാണ് ശരിയായ എഴുത്ത് പിറക്കുന്നത്.

പലവിധത്തിലുള്ള കൂട്ടായ്മയില്‍ നിന്നും ആനന്ദത്തോടെ കണ്ടെത്തുന്ന ഒന്നായി സാഹിത്യം മാറിയിരിക്കുന്നു. സാഹിത്യം ശക്തമായ ജനാധിപത്യവത്കരണത്തിന് വിധേയമായിരിക്കുന്നു. ഷാര്‍ജ പുസ്തകോത്സവത്തില്‍ നടക്കുന്ന പ്രകാശനങ്ങളുടെ എണ്ണം നോക്കി ആക്ഷേപിക്കുന്നവരുണ്ട്. വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും വരെ പുസ്തകം എഴുതുന്നതായി കളിയാക്കുന്നു ചിലര്‍. ഇത് മനുഷ്യത്വ വിരുദ്ധമായ കാര്യമല്ലാത്ത കാലത്തോളം ഇതൊരു മോശപ്പെട്ട സംഗതിയല്ല. ഇത് ജനാധിപത്യപരവും ഗുണപരവുമായ വാസനയാണ്. ഇതൊന്നും ലോകോത്തര കൃതിയാണെന്ന് കരുതി ആരും എഴുതുന്നതല്ല. ഫേസ് ബുക്കില്‍ എഴുതിയ കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. ആ രീതിയിലേക്ക് എഴുത്തിന്റെ ലോകം മാറിയിരിക്കുന്നതായും നമ്മളില്‍ ഓരോരുത്തരിലും എഴുത്തുകാരുണ്ടെന്നും ഇന്ദുഗോപന്‍ പറഞ്ഞു.

41-മത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ എഴുത്തില്‍ നിന്നും സിനിമയിലേക്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ദുഗോപന്‍. ഓരോരുത്തരും അവരവരുടെ ശൈലിയില്‍ എഴുതുന്നതായിരിക്കും പുതിയ കാലത്തെ സാഹിത്യം. അത്തരം എഴുത്തുകള്‍ക്ക് അംഗീകാരം കിട്ടുന്ന കാലം വിദൂരമല്ല. ഇതാണോ സാഹിത്യം എന്ന് ചോദിക്കുന്ന നിരൂപകന്റെ കാലം മാറിയിരിക്കുന്നു. എഴുത്തിന്റെ അഭിരുചികള്‍ പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ ജാലകങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. മനുഷ്യരാശി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഗമാണിത്. അതിന്റെ അന്തസത്തയെ ഉള്‍ക്കൊള്ളാതെ എഴുത്തുകാര്‍ക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും എഴുത്തിലേക്ക് വരാനുള്ള സാഹചര്യവും പിന്നീട് സിനിമാ രംഗത്തേക്ക് വന്നതും ഇന്ദുഗോപന്‍ വിശദീകരിച്ചു. മനുഷ്യപാരസ്പര്യത്തില്‍ നിന്നാണ് എഴുത്തിനുള്ള പ്രചോദനം ലഭിക്കുന്നത്. എഴുതുന്നതെല്ലാം മഹത്തരമാണെന്ന് അവകാശവാദമില്ലെന്നും സാഹിത്യത്തില്‍ ചിട്ടവട്ടങ്ങള്‍ക്കപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം സിനിമയാക്കുമ്പോള്‍ അതിന്റെ പൂര്‍ണതയെക്കുറിച്ച് എഴുത്തുകാരന്‍ വേവലാതിപ്പെടേണ്ട ആവശ്യമില്ല. ഒരു എഴുത്തും പുസ്തകവും സര്‍ഗാത്മകതയുടെ അവസാന വാക്കല്ല. ഒരു കഥയെ സിനിമയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ എഴുത്തുകാരന്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്താതെ കഥാകാരന്‍ മാറിനില്‍ക്കണം. സിനിമക്ക് അതിന്റേതായ സര്‍ഗാത്മക തലമുണ്ടെന്നും ഇന്ദുഗോപന്‍ പറഞ്ഞു. ഒരു തെക്കന്‍ തല്ലുകേസ്, ചെന്നായ, വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ സാദിഖ് കാവില്‍ അവതാരകനായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top