20 April Saturday

ഷാർജ വായനോത്സവത്തിനു ഇന്ന് തിരശ്ശീല വീഴും

കെ എൽ ഗോപിUpdated: Sunday May 22, 2022

ഷാർജ > ഷാർജ എക്സ്പോയിലെ പന്ത്രണ്ടു ദിവസം നീണ്ടു നിന്ന വായനോത്സവത്തിനു ഇന്ന് തിരശ്ശീല വീഴും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എഴുത്തുകാരും, ചിത്രകാരന്മാരും, ചലച്ചിത്ര നിർമാതാക്കളും, മോട്ടിവേഷണൽ സ്‌പീക്കർമാരും, പാചക വിദഗ്‌ധരും അടങ്ങിയ വലിയ നിര ഇത്തവണ വായനോത്സവത്തിൽ എത്തിയിരുന്നു.

വഷ്‌ദി ഹാരിസൺ, കിലെ ബൽദ, കെൻ സ്‌പിൽമാൻ, ക്ലെയർ ലെഗ്രാൻഡ്, സാന്റാ മക്ലോസ്‌കി, കോബി യമാദാ, അലീഷ്യ ഡി വില്യംസ്, നാനിറ്റെ ഹേഫെർനാൻ, തുടങ്ങിയ അമേരിക്കൻ എഴുത്തുകാരും, വിഭ ബത്ര, പുർവ ഗ്രോവർ, അനിത വച്ചാരജനി, പ്രിയ കുരിയൻ  എന്നീ ഇന്ത്യൻ എഴുത്തുകാരും, സൗത്ത് ആഫ്രിക്കൻ എഴുത്തുകാരി  ലോറാട്ടോ മേരി ട്രോക്, കെനിയൻ എഴുത്തുകാരൻ ക്രിസ്റ്റഫർ ഒകെംവ,  പാക്കിസ്ഥാൻ എഴുത്തുകാരൻ അഹമ്മദ് ഷാ, യു കെ യിൽ നിന്നുള്ള ഏല്ലാ ബർതോട്, ബുർഹാനി ഇസ്ലാം, കാർട്ടീസ് ജോബ്‌ളിംഗ്, എവ്ജീനിയ ഗൊലുബേവ, റദിയ ഹഫീസ, യാസ്മിൻ റഹ്മാൻ, ഹെലൻ ഡോഷെർത്തി,  ഷെർന ജാക്സൺ, സെബാസ്റ്റ്യൻ  ഡിസൂസ  എന്നീ  എഴുത്തുകാരും, സ്‌പാനിഷ് എഴുത്തുകാരി  മിര്യാ ട്രിയസും, ഈജിപ്ഷ്യൻ ചലച്ചിത്ര താരം മുഹമ്മദ് ഹേനേടി, എഴുത്തുകാരായ ഇസ്സാം യൂസഫ്, ഖസ്വ എൽ കിലാദി, ഫാത്തിമ അൽ സഹ്‌റ മൊക്താർ, ഒമർ താഹർ, ഇഫാത് ബറാഖത്, അമൽ ഫറ, മാജിദി അൽ ഖാഫ്‌റവി എന്നിവരും, കാർട്ടൂൺ രചയിതാവും പാട്ടുകാരനുമായ താരിഖ് അൽ അറബി തുർഗാനിയും, ഇറാഖ് തിരക്കഥാകൃത്ത് ഫലാ ഹാഷിം അഹ്‌മദ്‌, ഇല്ലുസ്ട്രേറ്റർ ഇന്തിലാഖ് മുഹമ്മദ് അലി, എഴുത്തുകാരി ഡോ. സോൻഡോസ് അൽ അജ്‌റം എന്നിവരും, ജോർദാൻ എഴുത്തുകാരി ഡോ. ഫാദിയ ദാസും, സിറിയൻ എഴുത്തുകാരി മൊഹന്നദ് താബിത് അലക്കൂസ്,  എഴുത്തുകാരൻ ജിക്കാർ ഖുർഷിദ്, ഡോ. ഹെയ്‌ത്താം അൽ ഖവാജ എന്നിവരും, ലെബനൻ എഴുത്തുകാരൻ ഡോ. താരിഖ് അഹമ്മദ് അൽ ബക്രി, കുവൈറ്റ് എഴുത്തുകാരൻ മുഹമ്മദ് ഷക്കർ ജെറാഖ്, ബഹ്‌റൈൻ കവി ജാഫർ അൽ ദിരി, ടൂണിഷ്യൻ എഴുത്തുകാരൻ മിസ്സൂനി ബന്നാനി, യു എ ഇ എഴുത്തുകാരി അസ്മ അൽ സറൂനി, മറിയം അൽ സറൂനി, ഫാത്തിമ സുൽത്താൻ അൽ മസ്‌റൂയി, ഒമാൻ എഴുത്തുകാരൻ ഹമൂദ്‌ ബിൻ അലി അൽ തൗഖി എന്നിങ്ങനെ കുട്ടികൾക്കായുള്ള നിരവധി മേഖലകളിലെ പ്രശസ്തർ എക്സ്പോയിൽ നടക്കുന്ന വായനോത്സവ വേദിയിൽ അതിഥികളായി എത്തിയിരുന്നു.  

ഇല്ലുസ്ട്രേഷൻ കോർണർ, കുക്കറി കോർണർ, തിയ്യറ്റർ ആൻഡ് ഷോ എന്നിങ്ങനെ നിരവധി സെഷനുകളിൽ  ആടിയും, പാടിയും, കഥപറഞ്ഞും, അനുഭവങ്ങൾ പങ്കുവെച്ചും ഇവരെല്ലാം കുട്ടികൾക്കൊപ്പം ചേർന്നു. അജ്‌മാൻ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന മലയാളി കൂടിയായ ദേവി വൈഷ്‌ണവിയും വായനോത്സവത്തിൽ എത്തിയ കുട്ടി അതിഥികളിൽ ഉൾപ്പെടുന്നു.

വിനോദത്തിൽ നിർമിത ബുദ്ധിയുടെ സാദ്ധ്യതകൾ തേടിയുള്ള റോബോട്ട് സൂ ഇത്തവണത്തെ ഒരു പ്രധാന ആകർഷണമായിരുന്നു. മൃഗങ്ങളും അവയുടെ ജീവിത രീതികളും വിശദീകരിച്ചു കൊണ്ടുള്ള റോബോട്ടുകളായിരുന്നു ഈ കാഴ്ചബംഗ്ളാവിൽ. യന്ത്രനിർമിതമായ ഒരു കൂറ്റൻ ജിറാഫാണ് ഇതിന്റെ പ്രവേശന കവാടത്തിൽ കുട്ടികളെ എതിരേറ്റിരുന്നത്. മൃഗങ്ങളുടെ ചലനങ്ങളും, ശബ്‌ദസഹായത്തോടെ മൃഗങ്ങളുടേയും മറ്റു ജീവികളുടേയും സാന്നിധ്യം തിരിച്ചറിയുന്ന വവ്വാലിന്റെ കഴിവുകൾ വിശദീകരിക്കുന്ന പ്രദർശനവും, വ്യത്യസ്തമായ നിരവധി ജീവികളുടെ കൂറ്റൻ റോബോട്ട് മാതൃകകളും റോബോട്ട് സൂവിലെ സവിശേഷമായ അനുഭവങ്ങളായിരുന്നു.

വായന എങ്ങിനെ മനുഷ്യനെ പൂർണനാക്കുന്നു എന്നു വിശദീകരിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും, മോട്ടിവേഷണൽ സ്പീക്കർമാരും കുട്ടികളുമായി ആശയവിനിമയം നടത്തി. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ മൂലം വായന സാധ്യമാകാത്ത കുട്ടികളെ എങ്ങിനെ വായനയിൽ ആകൃഷ്ടരാക്കാം എന്ന് വിശദീകരിച്ചു കൊണ്ടുള്ള റീഡിങ് തെറാപ്പി സെഷനുകളിൽ കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. ഷെയ്ഖ് അൽ അമീരി പറഞ്ഞതു പോലെ സാംസ്‌കാരിക വളർച്ചയുടെ പാതയിൽ ഓരോ വിത്തും എങ്ങിനെ ഫലവത്തായ ഒരു വൃക്ഷമാക്കി മാറ്റിയെടുക്കാം എന്ന യജ്ഞമാണ് ഷാർജ ബുക്ക് അതോറിറ്റി നടത്തുന്നത്. ഷാർജ ശൈഖിന്റെ രക്ഷാകർതൃത്വത്തിലും , സഹായത്തിലും നടക്കുന്ന ഈ മഹാമേള ഭാവി തലമുറയെ വാർത്തെടുക്കുന്ന ഫലപ്രദമായ കർമമാണ് നിർവഹിക്കുന്നത്. ഷാർജ പോലീസ് അടക്കം നിരവധി സർക്കാർ വിഭാഗങ്ങൾ ഇതിന്റെ വിജയത്തിനായി പ്രത്യേക പരിപാടികളും സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് സജീവമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top