25 April Thursday

പ്രവാസലോകത്ത് ഇ എംഎസിൻറെ പുസ്തകങ്ങൾക്ക് ഏറെ പ്രിയം

കെ എൽ ഗോപിUpdated: Friday Nov 13, 2020


ഷാർജ> ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇ എം സിന്റെ പുസ്തകങ്ങൾക്ക് ഏറെ പ്രിയം. പുസ്തകോത്സവം സമാപിക്കാൻ ഇനി രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ പുസ്തകോത്സവത്തിൽ സന്ദർശകർ കൂടുതലായി എത്തിത്തുടങ്ങി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും വായനയെ സർഗാത്മകമാക്കി നിലനിർത്തുവാൻ ഷാർജ ഭരണാധികാരിയുടെ ആശീർവാദത്തോടെ  നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളികളായ വായനക്കാർ കുടുംബസമേതം എത്തിയാണ് പുസ്തകങ്ങൾ വാങ്ങിക്കുന്നത് .

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ യു എ ഇ യുടെ അയൽരാജ്യങ്ങളിൽ നിന്നും അറബി വംശജരായ പലരും കുടുംബസമേതം എത്തുകയും, പുസ്തകോത്സവം കഴിയുന്നതു വരെ ഇവിടെ തങ്ങി തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്‌ എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നുമാണ് ഇങ്ങനെ സന്ദർശകർ എത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്തവണ ഇവിടെ നിന്നുള്ള  സന്ദർശകർക്ക് പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. യു എ ഇ ലെ തന്നെ അബുദാബി എമിറേറ്റിൽ നിന്നുള്ള വർദ്ധിച്ച പങ്കാളിത്തം ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം തടസ്സപ്പെട്ടു. ദുബായ് ഷാർജ മറ്റു നോർത്ത് എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് ഇത്തവണ പുസ്തകോത്സവത്തിന് പ്രധാനമായും എത്തിയത്.

കേരളത്തിൽ നിന്നും ഇത്തവണ മുഖ്യധാരാ പ്രസാധകരായ  ചിന്ത പബ്ലിഷേഴ്സ്, കറന്റ് ബുക്സ്, ഡിസി ബുക്സ്, ഒലീവ് പബ്ലിക്കേഷൻസ്, ലിപി പബ്ലിക്കേഷൻസ് എന്നിവരാണ് പ്രധാനമായും എത്തിയത്. ചിന്ത പബ്ലിഷേഴ്സ് ഇരുന്നൂറോളം ടൈറ്റിലുകളുമായാണ് ഇത്തവണ എത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇഎംഎസിൻറെ പുസ്തകങ്ങൾക്ക് ഇത്തവണ വായനക്കാർ കൂടുതലായിരുന്നു എന്ന് ചിന്തയുടെ സംഘാടകർ അറിയിച്ചു.

കഥ, കവിത, ലേഖനങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയോടോപ്പം രാഷ്ട്രീയ പുസ്തകങ്ങളും, ബാല പ്രസിദ്ധീകരണങ്ങളും വിറ്റുപോകുന്നുണ്ട്. കെ എൻ പണിക്കർ, റോമില താപ്പർ, എമിൽ ബേൺസ്,കെ ഇ എൻ, കെ ടി കുഞ്ഞിക്കണ്ണൻ, എം എസ് ദേവദാസ്,  പെരുമ്പടവം,  സി രാധാകൃഷ്ണൻ, ഒഎൻവി, ബി എം സുഹറ എന്നിവരുടെ  പുസ്തകങ്ങളും, നായനാരുടെ ഒളിവുകാല സ്മൃതികൾ, എച്ച്മിക്കുട്ടിയുടെ കഥകൾ എന്നിവയും വിറ്റുപോകുന്നുണ്ട്. 100 രൂപയുടെ കൂപ്പൺ വാങ്ങിയാൽ 125 ദിർഹം വിലയുള്ള പുസ്തകങ്ങൾ ചിന്ത പബ്ലിഷേഴ്സ് ഇത്തവണ നൽകിയിരുന്നു. സംഘടനകളിലൂടേയും മറ്റും ഇത്തരം കൂപ്പണുകൾ നേരത്തെതന്നെ  ചിന്ത വിതരണം ചെയ്തിരുന്നു.

വായനയെ ഗൗരവമായി എടുത്ത ആളുകൾ മാത്രമാണ് ഇത്തവണ അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയിരുന്നത്. കോവിഡ് കാലമായതിനാൽ പുസ്തക പ്രകാശന ചടങ്ങുകളോ, പൊതുപരിപാടികളോ കലാപരിപാടികളോ ഒന്നും ഇല്ലാത്തതിനാൽ തിരക്ക് കുറവായിരുന്നു എങ്കിലും ഗൗരവമുള്ള വായനക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ലിപി പുബ്ലിക്കേഷൻ നാല്പതോളം പുസ്തകങ്ങളും, ഒലിവ് പുബ്ലിക്കേഷൻ 11 പുസ്തകങ്ങളും ഇത്തവണ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെക്കുറിച്ചുള്ള പുസ്തകത്തിന് നല്ല ഡിമാൻഡ് ആയിരുന്നു എന്നും കൂടുതൽ ആളുകൾ ഇത് ചോദിച്ചു എത്തുന്നുണ്ട് എന്നും ഒലീവിന്റെ സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top