26 April Friday

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

കെ എൽ ഗോപിUpdated: Thursday Nov 3, 2022

ഷാർജ> അക്ഷര ചിറകുകൾ വിടർത്തി ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവത്തിന് അരങ്ങൊരുങ്ങി. വാക്കുകൾ പ്രചരിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്തിനു ശേഷം സമൂഹ കൂടിച്ചേരൽ സാധ്യമാക്കി  നിയന്ത്രണങ്ങളിൽ അയവുവരുത്തിയ സാഹചര്യത്തിൽ മേളയിലേക്ക് വൻ തിരക്കാണ് ആദ്യദിനത്തിൽ തന്നെ അനുഭവപ്പെട്ടത്.  പുസ്തകോത്സവത്തിലെ വിവിധ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളാണ് ആദ്യ ദിനത്തിൽ കാര്യമായി നടന്നത്. കേരളത്തിൽ നിന്ന് നിരവധി പേർ പുസ്തകോത്സവത്തിൽ  പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട് . കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കെ പി രാമനുണ്ണി, സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ, നടൻ ജയസൂര്യ, കോട്ടയം നസീർ തുടങ്ങിയ പലരും ഇന്നലെ വിവിധ പരിപാടികളിൽ പങ്കെടുത്തു.

ഹാൾ നമ്പർ 7 ലാണ് മലയാളത്തിലുള്ള മിക്ക പ്രസാധകരുടേയും സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. ഇതിന് തൊട്ടടുത്തു തന്നെയാണ് റൈറ്റേഴ്സ് ഫോറം ഒരുക്കിയിരിക്കുന്നത്. പുസ്തക പ്രകാശനത്തിനായി ഹാളിൽ എത്തുന്ന പുസ്തക പ്രേമികൾക്ക് കൺമുമ്പിൽ തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും വായിക്കാനും ഉള്ള സൗകര്യമാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച പുസ്തകങ്ങൾ വാങ്ങാനുള്ള അവസരം മേളയിൽ ഉണ്ടാകും. 14 രാജ്യങ്ങളിൽ നിന്നുള്ള 45 പ്രൊഫഷണലുകളും വിദഗ്ധരും നേതൃത്വം നൽകുന്ന 623 പരിപാടികൾ കുട്ടികൾക്കായി നടത്തും. 22 കലാകാരൻമാർ അണിനിരക്കുന്ന 123 സംഗീത നാടക പരിപാടികൾ മേളയുടെ ആകർഷണങ്ങളിൽ ഒന്നാണ്. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 10 വിദഗ്ധർ അവതരിപ്പിക്കുന്ന 30 ശില്പശാലകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കും.

പ്രവർത്തി ദിവസം ആയിരുന്നിട്ടും നല്ല തിരക്കാണ്  ആദ്യദിവസത്തിൽ തന്നെ അനുഭവപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഈ  തവണയും ഷാർജ തെരഞ്ഞെടുക്കപ്പെട്ടു. പുസ്തകോത്സവത്തിന് മുന്നോടിയായി നടന്ന പ്രസാധകരുടെ സമ്മേളനത്തിൽ നിരവധി കോപ്പി റൈറ്റ് ഉടമ്പടികളാണ് ഒപ്പിട്ടത്. അന്താരാഷ്ട്ര തലത്തിൽ മുൻനിരയിൽ നിൽക്കുന്ന പല എഴുത്തുകാരുടേയും പ്രതിനിധികൾ പ്രസാധക സമ്മേളനത്തിൽ പങ്കെടുക്കുകയും പരസ്പരം കരാറുകളിൽ ഏർപ്പെടുകയും ചെയ്തു. പുതുമകൾ ഏറെ നിലനിർത്തി കൊണ്ടാണ്  നവംബർ 13 വരെ നീണ്ടുനിൽക്കുന്ന പുസ്തകോത്സവം ഒരുക്കിയിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top