25 April Thursday

പ്രവാസി സമൂഹത്തെ ചേർത്തുപിടിച്ച സംസ്ഥാന ബജറ്റ്: ശക്തി തിയറ്റേഴ്‌സ് അബുദാബി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

അബുദാബി > കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക വികസനത്തിന്‌ ഏറെ സംഭാവനകൾനൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 84.60 കോടി രൂപ വകയിരുത്തിയ സംസ്ഥാന ബജറ്റിലൂടെ സർക്കാർ പ്രവാസി സമൂഹത്തെ ഒരിക്കൽകൂടി ചേർത്തുപിടിച്ചിരിക്കുകയാണെന്നു ശക്തി തിയറ്റേഴ്‌സ് അബുദാബി അഭിപ്രായപ്പെട്ടു.

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപയാണ് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

വിമാനയാത്രാ ചെലവ് കുറക്കാൻ 15 കോടിയുടെ കോർപസ് ഫണ്ടും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാ ചെലവ് യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുന്നത്. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതി, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സിന്റെ പ്രവർത്തനങ്ങൾക്കായി മാത്രം 25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി പ്രവാസി ഭദ്രത എന്ന പേരിൽ നൽകുമെന്നും ബജറ്റിലൂടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവ മുഖേന 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25% മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകുന്ന ‘പ്രവാസി ഭദ്രത മൈക്രോ’ പദ്ധതി, കെഎസ്ഐഡിസി മുഖേന എം എസ് എം ഇ സംരംഭകർക്ക് 5% പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ടു കോടി വരെ വായ്പയായി നൽകുന്ന ‘പ്രവാസി ഭദ്രത മെഗാ’ എന്നീ പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്യുക വഴി പ്രവാസികളുടെ ഭാവി ഭദ്രമാക്കുന്നതിന് ദീര്ഘവീക്ഷണത്തോടെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ സമീപിച്ചിരിക്കുന്നതെന്ന് ശക്തി തിയറ്റേഴ്‌സ് ആക്ടിങ്ങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്‌താവനയിലൂടെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻഅവതരിപ്പിച്ച കേന്ദ്ര ബജറ്റിൽപ്രവാസികളെ സമ്പൂർണ്ണമായി അവഗണിച്ച സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റിലൂടെ പ്രവാസി സമൂഹത്തിനു മുന്തിയ പരിഗണന നൽകിയിരിക്കുന്നതെന്ന് കാര്യം ചേർത്ത് വായിക്കേണ്ടതാണെന്നും സംയുക്ത പ്രസ്‌താവനയിൽചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top