05 December Tuesday

പലസ്തീന്‍ പ്രശ്നം പ്രധാനം; ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നതിനോട് അടുക്കുന്നുവെന്ന് സൗദി

അനസ് യാസിന്‍Updated: Thursday Sep 21, 2023

മുഹമ്മദ് ബിന്‍ സല്‍മാന്‍

മനാമ> ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്ന സുപ്രധാന കരാറിലേക്ക് സൗദി അറേബ്യ ഓരോ ദിവസവും കൂടുതല്‍ അടുക്കുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ ആണവായുധം നേടിയാല്‍ തങ്ങളും അത് നേടാന്‍ നിര്‍ബന്ധിതരാകുമെന്നും അമേരിക്കന്‍ ചാനലായ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കിരീടവകാശി പറഞ്ഞു.

ഇസ്രായേലുമായി ചര്‍ച്ചകള്‍ മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കിരീടാവകാശി നിഷേധിച്ചു. ഒരു കരാറിലെത്താന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം പലസ്തീന്‍ പ്രശ്നം വളരെ പ്രധാനമാണ്. തങ്ങള്‍ ആ ഭാഗം പരിഹരിക്കേണ്ടതുണ്ടെന്നും നല്ല ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിനെപ്പോലെ യാഥാസ്ഥിതികനായ ഒരാളുമായി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ഒരു മുന്നേറ്റമുണ്ടാകുകയാണെങ്കില്‍, പലസ്തീനികളുടെ ആവശ്യങ്ങള്‍ നല്‍കുകയും പ്രദേശം ശാന്തമാക്കുകയും ചെയ്യുന്ന ഒരു കരാറില്‍ എത്തിച്ചേരുകയാണെങ്കില്‍, അവിടെയുള്ളവര്‍ ആരായിരുന്നാലും അവരുമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ മറുപടി നല്‍കി. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള കരാറിന് ബൈഡന്‍ ഭരണകൂടം ഇടനിലക്കാരനായാല്‍, ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല, കാരണം അവ ഉപയോഗിക്കാന്‍ കഴിയില്ല. മറ്റൊരു ഹിരോഷിമ ലോകത്തിന് സഹിക്കാന്‍ കഴിയാത്തതിനാല്‍, ഏതെങ്കിലും രാജ്യത്തിന് ആണവായുധം ലഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇറാന് ഒരെണ്ണം ലഭിച്ചാല്‍ സൗദിയും അത് ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇറാനുമായുള്ള ബന്ധം നന്നായി പുരോഗമിക്കുന്നു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top