25 April Thursday

ഹുതി തടവുകാരെ സൗദി സഖ്യം മോചിപ്പിക്കാന്‍ തുടങ്ങി

അനസ് യാസിന്‍Updated: Friday May 6, 2022

മനാമ> യെമനലിൽ സമാധാനം പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹുതി മിലിഷ്യ തടവുകാരെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം മോചിപ്പിക്കാൻ തുടങ്ങി. പിടിയിലായ 163 തടവുകാരെ വിട്ടയക്കുമെന്ന് കഴിഞ്ഞ ആഴ്‌ച സൗദി സഖ്യം പറഞ്ഞിരുന്നു. ഇതിന്റെ ഭഗാമയി ആദ്യ ബാച്ചിനെ വെള്ളിയാഴ്‌ച മോചിപ്പിച്ചു.

മൂന്ന് ഘട്ടങ്ങളായി തടവുകാരെ മോചിപ്പിച്ച് വിമാനമാർഗം തലസ്ഥാനമായ സനായിലും തെക്കൻ തുറമുഖ നഗരമായ ഏദനിലും എത്തിക്കുമെന്ന് സൗദി വാർത്താ ഏജൻസി ട്വിറ്ററിൽ അറിയിച്ചു. എത്ര തടവുകാരെ മോചിപ്പിച്ചുവെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എന്നാൽ നൂറിലേറെ തടവുകാരുടെ കൈമാറ്റം എളുപ്പത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി റെഡ് ക്രോസ് വൃത്തങ്ങൾ വെളിപ്പെടുത്തി. സൗദി നഗരമായ അബഹയിൽ നിന്ന് ഏദനിലേക്ക് മൂന്ന് റെഡ്‌ക്രോസ് വിമാനങ്ങളുണ്ടാകുമെന്ന് വക്താവ് ബഷീർ ഒമർ പറഞ്ഞു.

ഏഴ് വർഷം നീണ്ട യുദ്ധം പതിനായിരകണക്കിന് പേരുടെ മരണത്തിനും രാജ്യത്തെ പട്ടിണിയിലാക്കാനും ഇടയാക്കി. അയൽ രാജ്യമായ സൗദിയിലും യുഎഇയിലും ഹുതികൾ ആക്രമണവും നടത്തി. ഏപ്രിൽ ആദ്യം പ്രാബല്യത്തിൽ വന്ന രണ്ട് മാസത്തെ വെടിനിർത്തൽ മേഖലക്ക്  ആശ്വാസം നൽകിയിട്ടുണ്ട്. എണ്ണ ടാങ്കറുകൾ ഹൊദെയ്ദ തുറമുഖത്ത് വീണ്ടും എത്തി. രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കാൻ ഇത് സഹായിക്കും. ആറ് വർഷത്തിനിടെ ആദ്യമായി സന വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കുന്നതും ഉപരോധത്തിൽ കഴിഞ്ഞ യെമൻ നഗരമായ തായിസിലേക്കുള്ള പ്രധാന റോഡുകൾ തുറക്കുന്നതും വെടിനിർത്തൽ കരാറിൽ ഉൾപ്പെടുന്നു  ഇക്കാര്യത്തിൽ ഇതുവരെ നടപടിയും ആയിട്ടില്ല.

മാർച്ച് അവസാനത്തോടെ, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ്, 16 സൗദികളും മൂന്ന് സുഡാനികളും ഉൾപ്പെടെ 823 സർക്കാർ അനുകൂല ഉദ്യോഗസ്ഥർക്ക് പകരമായി തങ്ങളുടെ 1,400 പോരാളികളെ മോചിപ്പിക്കുന്ന തടവുപുള്ളികളുടെ കൈമാറ്റത്തിന് ഹുതികൾ സമ്മതിച്ചിരുന്നു. 2020 ഒക്ടോബറിൽ ഇരു ഭാഗങ്ങളും 1,056 തടവുകാരെ വീതം വിട്ടയച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു കൈമാറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top