25 April Thursday
ആശുപത്രികളിലെ പരിശോധന മുറികളില്‍ ക്യാമറ പാടില്ല

സൗദിയില്‍ നരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

അനസ് യാസിന്‍Updated: Friday Oct 7, 2022

മനാമ > സൗദിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ നിര്‍മ്മാണം, ഇറക്കുമതി, വില്‍പന, സ്ഥാപിക്കല്‍, പ്രവര്‍ത്തിപ്പിക്കല്‍, പരിപാലനം എന്നിവ നിരോധിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കര്‍ സ്ഥാപനങ്ങള്‍, എണ്ണ ശാലകള്‍, വൈദ്യുതിജലശുദ്ധീകരണ നിലയങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, ബാങ്കുകള്‍, ആശുപത്രികള്‍, മക്കയിലെ മസ്ജിദുല്‍ ഹറം ഉള്‍പ്പെടെ പള്ളികള്‍, പുണ്യസ്ഥലങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കും.

 
അതേസമയം, ആശുപത്രികളിലെ പരിശോധന മുറികളിലും കിടത്തിച്ചികിത്സാ മുറികളിലും ഫിസിയോതെറാപ്പി സൗകര്യങ്ങളിലും സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. വസ്ത്രം മാറാനുള്ള മുറികള്‍, ടോയ്‌ലെറ്റ്, സലൂണ്‍, വനിതാ ക്ലബ്ബുകള്‍ എന്നിവയിലും നിരീക്ഷണ ക്യാമറകള്‍ വിലക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
 
നിയമപരമായ അനുമതിയുള്ളവര്‍ മുഴുവന്‍ സമയവും സുരക്ഷാ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും പരിപാലിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും റെക്കോര്‍ഡിംഗുകള്‍ മാറ്റങ്ങള്‍ വരുത്താതെ സൂക്ഷിക്കുകയും വേണം. കൂടാതെ, ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ബോര്‍ഡോ പാനലോ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സുരക്ഷാ വിഭാഗം തലവന്റെയോ അംഗീകാരത്തോടെയോ ജുഡീഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലോ യോഗ്യതയുള്ള അന്വേഷണ അതോറിറ്റിയുടെ അഭ്യര്‍ത്ഥനപ്രകാരമോ അല്ലാതെ ക്യാമറ വീഡിയോ ദൃശ്യങ്ങള്‍ കൈമാറുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചു. വ്യവസ്ഥകള്‍ ലംഘിച്ച് വീഡിയോ റെക്കോര്‍ഡിംഗുകള്‍ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ 20,000 റിയാലാണ് പിഴ.
 
ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സവിശേഷതകള്‍ ലംഘിച്ചാല്‍ 500 റിയാല്‍ പിഴ ഈടാക്കും. മാനുവലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി സ്ഥാപിക്കാത്ത ഓരോ ക്യാമറയ്ക്കും 1000 റിയാലായിരിക്കും പിഴ. വീഡിയോ റെക്കോര്‍ഡിംഗുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ 5,000 റിയാല്‍ പിഴ ചുമത്തും. സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനങ്ങള്‍ നശിപ്പിക്കുകയോ കേടാക്കുകയോ ചെയ്യുന്നവര്‍ക്കും 20,000 റിയാല്‍ പിഴ ലഭിക്കും.
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top