20 April Saturday

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

അനസ് യാസിന്‍Updated: Thursday May 18, 2023

മനാമ> സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ബാധകമാക്കുന്നു. തീരുമാനത്തിന് സൗദി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരു വീട്ടില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിച്ചാല്‍ ഇന്‍ഷുറന്‍സ് ബാധകമാകും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഗാര്‍ഹിക തൊഴിലാളി ഇന്‍ഷുറന്‍സ് വ്യവസ്ഥ തയ്യാറാക്കിയത്.

പുതിയ തീരുമാനം നാലില്‍ കുറവ് വീട്ടുജോലിക്കാരുള്ളിടത്ത് ബാധകമല്ല. ഇവര്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സൗജന്യ ചികിത്സ എന്നത് ഭാരമാകാതിരിക്കാനാണ് പുതിയ തീരുമാനം എന്നാണ് വിലയിരുത്തല്‍. മെയ് 11 മുതല്‍ സ്വദേശികളുടെ വീട്ടിലെ നാലില്‍ കൂടുതലും വിദേശികളുടെ വീട്ടിലെ രണ്ടില്‍ കൂടുതലുമുള്ള  ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 9,600 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  വാര്‍ഷിക ലെവി ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം, സൗദി തൊഴിലുടമ അഞ്ചാമത്തെ ഗാര്‍ഹിക തൊഴിലാളിയെയും പ്രവാസി തൊഴിലുടമ മൂന്നാമത്തെ തൊഴിലാളിയെയും നിയമിച്ചാല്‍ വാര്‍ഷിക ലെവി നല്‍കണം. ഒരേ തൊഴില്‍ദാതാവ് അധികമായി നിയമിക്കുന്ന ഓരോ തൊഴിലാളിക്കും ഫീസ് ബാധകം.

ആദ്യ ഘട്ടമായി, കാബിനറ്റ് തീരുമാനത്തിനു ശേഷം റിക്രൂട്ട് ചെയ്ത വീട്ടുജോലിക്കാര്‍ക്കായി കഴിഞ്ഞ വര്‍ഷം മെയ് 22 ന് ലെവി നിലവില്‍ വന്നു. ഈ വര്‍ഷം മെയ് 11 ന് നിലവില്‍ വന്ന രണ്ടാം ഘട്ട പ്രകാരം അനുവദിച്ച പരിധിയില്‍ കൂടുതല്‍ ഉള്ള എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ബാധകമാക്കി. സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങള്‍. മാര്‍ച്ചില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിയില്‍ ഏതാണ്ട് 36 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം 11.9 ലക്ഷം വീട്ടു ജോലിക്കാര്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു.

ഗാര്‍ഹിക തൊഴിലാളികളില്‍ ഏറെയും ഡ്രൈവര്‍മാരാണ്. ഏതാണ്ട് 17.8 ലക്ഷം പുരുഷ ഡ്രൈവര്‍മാരും 119 വനിത ഡ്രൈവര്‍മാരുമുണ്ട്. ജോലിക്കാരും ഹൗസ് ക്ലീനര്‍മാരുമായി 17.3 ലക്ഷം പേരും. പാചകത്തൊഴിലാളികള്‍ 61,000 വും ഗാര്‍ഡ്, പരിചാരകരായി 16,000 ത്തോളം പേരും ജോലി ചെയ്യുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അവശേഷിക്കുന്നവര്‍ വീടുകളിലെ സ്വകാര്യ അധ്യാപകര്‍, കുട്ടികളെ നോക്കുന്നവര്‍, ഹൗസ് മാനേജര്‍മാര്‍, പുരയിട കര്‍ഷകര്‍, വീട്ടിലെ ഹെല്‍ത്ത് നഴ്‌സുമാര്‍, വീട്ടിലെ ടൈലര്‍മാര്‍ തുടങ്ങിയ മേഖലകളിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top