ലണ്ടൻ> സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ബോസ്റ്റൺ ബ്രാഞ്ച് സമ്മേളനം വിജയകരമായി നടന്നു. മാർച്ച് 12 ഞായറാഴ്ച്ച നടന്ന സമ്മേളനം സമീക്ഷ യുകെ നാഷണൽ ജോ. സെക്രട്ടറി ചിഞ്ചു സണ്ണി ഉദ്ഘാടനം ചെയ്തു. മുമ്പ് പീറ്റർബറോ ബ്രാഞ്ചിന്റെ ഭാഗമായിരുന്ന ബോസ്റ്റൺ ബ്രാഞ്ച് സ്വന്തംനിലക്ക് പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ഷാജി.പി മത്തായി അദ്ധ്യക്ഷനായി. സെക്രട്ടറി സന്തോഷ് ദേവസ്സി സ്വാഗതവും ജോ. സെക്രട്ടറി മജോ വെരനാനി നന്ദിയും പറഞ്ഞു. മേൽക്കമ്മറ്റി തീരുമാനങ്ങൾ ഭാസ്കർ പുരയിൽ വിശദീകരിച്ചു.
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യുകെയിലുടനീളം പ്രാദേശികമായി നടക്കുന്ന ബാഡ്മിന്റൺ മത്സരത്തിന്റെ ബോസ്റ്റൺ റീജണൽ മത്സരം പീറ്റർ പൈൻ പെർഫോമൻ സെന്ററിൽ വച്ചു നടന്നു. ഇത് ബ്രാഞ്ച് സമ്മേളനത്തിന്റെ ആവേശം വാനോളമുയർത്തി. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 151 പൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയുമാണ് സമീക്ഷ ബോസ്റ്റൺ ബ്രാഞ്ച് ഒരുക്കിയിരുന്നത്. ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കെവിൻ, കെൻലി സഖ്യം (ഹണ്ടിംഗ്ടൺ) ഒന്നാം സ്ഥാനവും, കൃസ്റ്റി, ജസ്റ്റിൻ സഖ്യം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബ് വൈസ് ക്യാപ്റ്റൻ നവീനും, ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്റർ ആഷിഷും ചേർന്നു നിർവ്വഹിച്ചു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് മുൻകൈയ്യെടുത്ത ആഷിഷ്, ശ്രീ ബെനോയ്, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ നിധീഷ് പാലക്കൽ, ജിതിൻ തുളസി എന്നിവരെ സമീക്ഷയുകെ പ്രത്യേകം അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..