റിയാദ്> ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തമിഴ്‌നാട് തിരുന്നൽവേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്റെ (49) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. രണ്ടു മാസം മുൻപാണ് ബാലാജി പുതിയ വിസയിൽ ഹൗസ് ഡ്രൈവർ ജോലിക്കായി റിയാദിലെ സുവൈദിയിൽ എത്തിയത്. നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ച മുൻപ് അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
സുബ്രഹ്മണ്യൻ - ബ്രഹ്മശക്തി ദമ്പതികളുടെ മകനാണ്. ഭാര്യ സുഭ, രണ്ട് മക്കൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ഹയ്യു സഹാഫ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഓഫീസർ മുഹമ്മദ് ഫവാസ് കേളിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയായിരുന്നു. കേളി പ്രവർത്തകർ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ ശരിയാക്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ പൂർണ്ണമായും ബാലാജിയുടെ സ്‌പോൺസറാണ് വഹിച്ചത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..