24 April Wednesday

ബജറ്റിൽ പ്രവാസികളോടുള്ള കരുതൽ : ധനമന്ത്രിക്ക് കേളിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

റിയാദ് >  പ്രവാസികളുടെ ക്ഷേമത്തിനും, പുനരധിവാസത്തിനും ഊന്നൽ നൽകികൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്കിനെ കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു.  നവകേരള സൃഷ്ടിക്കുള്ള മറ്റൊരു ഉറച്ച ചുവടുവെപ്പായി, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമായ ഒരു ജനകീയ ബജറ്റാണ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്.

തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കുകയും,  അവർക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തുന്ന അനേകം പ്രവാസികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പ്രവാസികളുടെ സമാശ്വാസത്തിനായി 30 കോടിയും അനുവദിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമനിധിയിലേക്ക് 9 കോടി അനുവദിച്ചതിന് പുറമേയാണിത്.

പെൻഷൻ തുക വർദ്ധിപ്പിച്ചു കിട്ടുക എന്ന പ്രവാസികളുടെ മറ്റൊരാവശ്യവും ധനമന്ത്രി ഈ ബജറ്റിൽ കാര്യമായി തന്നെ പരിഗണിച്ചു. വിദേശത്തുള്ളവരുടേത്‌ 3500 രൂപയായും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടേത് 3000 രൂപയുമായാണ് വർദ്ധിപ്പിച്ചത്. വിദേശത്തുള്ളവർ അടക്കേണ്ട അംശദായം 350 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ സാമ്പത്തിക ആഘാതത്തിൽ സംസ്ഥാനം ഉഴലുമ്പോഴും കേന്ദ്ര സർക്കാരിന്റെ നിസ്സഹകരണവും, കാര്യമായ സാമ്പത്തിക സഹായവും ഇല്ലാതിരുന്നിട്ടും, സാമൂഹിക പെൻഷൻ 1600 രൂപയാക്കി വർദ്ധിപ്പിച്ചത് പോലുള്ള ജനക്ഷേമകരമായ നടപടികൾ ബജറ്റിൽ കൈക്കൊണ്ട സർക്കാരിനെ തന്നെ കേരളത്തിലെ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top