24 April Wednesday

കൃത്രിമ മേഘങ്ങൾ നിർമ്മിക്കാൻ റാസ് അൽ ഖൈമയിൽ പരീക്ഷണം

കെ എൽ ഗോപിUpdated: Tuesday Nov 1, 2022

റാസ് അൽ ഖൈമ > കൃത്രിമ മേഘങ്ങൾ നിർമ്മിക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള രണ്ടാം ഘട്ട പരീക്ഷണം റാസ് അൽ ഖൈമ ജബൽ ജൈസ് മലനിരകളിൽ  പൂർത്തിയായി. മേഘങ്ങൾക്കുള്ളിലെ വായുപ്രവാഹത്തെ ഉത്തേജിപ്പിച്ചുകൊണ്ട് കൃത്രിമ മേഘ രൂപവൽക്കരണത്തിന്റെ സാധ്യത പരിശോധിക്കുകയും പഠിക്കുകയും ആണ് ഇതിലൂടെ ചെയ്യുന്നത്. നൂതന ജെറ്റ് എഞ്ചിൻ കോമ്പോസിറ്റ് സംവിധാനം ഉപയോഗിച്ച് യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ്  സയൻസിലൂടെയാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പരീക്ഷണം നടത്തിയത്.

റഷ്യയിലെ ഹെയിൽ സപ്രഷൻ റിസർച്ച് സെൻററിലെ മുതിർന്ന ഗവേഷകനായ ഡോക്ടർ അലി അബ്ഷേവിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സമഗ്ര കാലാവസ്ഥ പഠനം നടത്തിയ സംഘം മുൻവർഷങ്ങളിലെ സമാന പരീക്ഷണ ഫലങ്ങളും വിശകലനം ചെയ്തു. വ്യത്യസ്ത കാലാവസ്ഥകളിലായി കഴിഞ്ഞ വർഷം ഡിസംബർ 24 മുതൽ ഈ വർഷം ജനുവരി അഞ്ചുവരെ 12 പരീക്ഷണങ്ങളാണ് നടത്തിയത്.

യുഎഇയിൽ ജലസുരക്ഷ ഉറപ്പാക്കാൻ മഴ വർദ്ധിപ്പിക്കാനുള്ള നൂതന പരീക്ഷണങ്ങൾ സഹായകരമാകും എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോക്ടർ അബ്ദുല്ല അൽ മഡോസ് പറഞ്ഞു. ഭാവിയിൽ മഴയുടെ തോതിനൊപ്പം ശുദ്ധജല വിതരണം വർദ്ധിപ്പിക്കാനും പദ്ധതി സഹായകരമാകും എന്നാണ് വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top