20 April Saturday

റാസൽഖൈമ ഇക്കണോമിക് സോൺ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം ഒക്ടോബർ 27, 28 തിയ്യതികളിൽ കൊച്ചിയിൽ

കെ എൽ ഗോപിUpdated: Wednesday Oct 26, 2022

ദുബായ്>  കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിന്  സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ യു എ ഇ യിലെ റാസൽഖൈമ ഇക്കണോമിക് സോൺ ഒക്ടോബർ 27, 28 തിയ്യതികളിൽ കൊച്ചിയിൽ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ, വിവിധ വ്യാവസായിക സംഘടനകൾ, ചാനൽ ഐ ആം ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെ കളമശേരി കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്സിലാണ് പ്രോഗ്രാം നടക്കുന്നത്.
 
റാസൽഖൈമ ഇക്കണോമിക് സോണിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന പ്രതിനിധി സംഘം സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളിൽ നിന്നുള്ള നൂറോളം സ്ഥാപകരും, സംരംഭകരും, ബിസിനസ്സ് ഉടമകളുമായി സംവദിക്കും. ഇക്കണോമിക് സോണിൽ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് അവർക്ക് വിശദീകരിക്കും. കേരളത്തിലെ ബിസിനസ്സ് ഉടമകളെ കാണാനും അവരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യാനും തങ്ങൾക്ക് സന്തോഷമുണ്ടെന്ന് റാക്കേസ് ഗ്രൂപ്പ് സി ഇ ഒ റാമി ജലാദ് പറഞ്ഞു.

പതിറ്റാണ്ടുകളായി രാജ്യം ഇന്ത്യൻ നിക്ഷേപകരുമായി പ്രത്യേക ബന്ധം പങ്കിടുന്നുണ്ട്. ഈ ബന്ധം വ്യാപാരത്തിനും ബിസിനസ്സിനും അതീതമാണ്. റാക്കേസിലെ മുൻനിര നിക്ഷേപകരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും മുതൽ വൻകിട വ്യവസായികളും ഉൾപ്പെടെയുള്ള 3,800 ലധികം ഇന്ത്യൻ കമ്പനികളെ തങ്ങൾ പിന്തുണയ്ക്കുന്നു. യുഎഇയിലെ അവരുടെ പുതിയ സംരംഭങ്ങളിൽ അവരെ സഹായിക്കുമ്പോൾ തന്നെ കേരളത്തിൽ നിന്നുള്ള നിക്ഷേപകരുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു വേദിയായി ഈ പ്രോഗ്രാം വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 28ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കെഎസ്ഐഡിസി, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, ടൈകേരള, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള പങ്കാളികളുമായി ചർച്ച സംഘടിപ്പിക്കും. റാസൽഖൈമ സർക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബാണ് റാക്കേസ്. സ്റ്റാർട്ടപ്പുകൾ, ചെറുകിട, സൂക്ഷ്മ സംരംഭകർ, വ്യവസായികൾ എന്നിവർക്ക് ബിസിനസ് ലൈസൻസ്, ആവശ്യമായ സൗകര്യങ്ങൾ, വിസ ഫെസിലിറ്റേഷൻ, ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ തുടങ്ങിയ അവശ്യ സേവനങ്ങൾ ലഭ്യമാക്കി ബിസിനസ് വ്യാപനത്തിന് അവരെ സഹായിക്കാനാണ് റാക്കേസ് ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top