19 March Tuesday

ഷെയ്ഖ് മുഹമ്മദ് ഖത്തർ പ്രധാനമന്ത്രി; മന്ത്രിസഭ പുനസംഘടിപ്പിച്ചു

അനസ് യാസിൻUpdated: Tuesday Mar 7, 2023

മനാമ> ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽതാനി ചുമതലയേറ്റു. മുൻ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. അദ്ദേഹം വിദേശ മന്ത്രി സ്ഥാനത്ത് തുടരും. ചൊവ്വാഴ്‌ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽതാനിക്ക് പകരമായാണ് ഷെയ്ഖ് മുഹമ്മദിനെ പുതിയ പ്രധാനമന്ത്രിയായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിയമിച്ചത്. പിന്നാലെ മന്ത്രിസഭയും അമീർ പുനസംഘടിപ്പിച്ചു. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയെ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും നിയമിച്ചു. ലോകകപ്പ് ഫുട്‌ബോളിനുള്ള സർക്കാർ സുരക്ഷാ സമിതിയുടെ തലവനായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയെ ആഭ്യന്തര മന്ത്രിയായും നിയമിച്ചു.

ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയെയും ഊർജ മന്ത്രി സാദ് അൽ കാബിയെയും തൽസ്ഥാനങ്ങളിൽ പുനർനിയമിക്കുകയും ചെയ്‌തു. 45,000 കോടി ഡോളർ ആസ്ഥിയുള്ള സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ബോർഡും പുനസംഘടിപ്പിച്ചു. സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനിയാണ് പുതിയ ബോർഡ് ചെയർമാൻ.

2022 ലോകകപ്പ് ഫുട്‌ബോളിന് അതിഥേയത്വം വഹിച്ച ശേഷം ആദ്യമായാണ് ഖത്തറിൽ മന്ത്രിസഭ പുനസംഘടന. 2020ലാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ഷെയ്ഖ് ഖാലിദ് നിയമിതനായത്. പുതിയ പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് 2016 ജനുവരി 27 മുതൽ വിദേശകാര്യ മന്ത്രിയാണ്. 2017 നവംബർ 15 ന് ഖത്തറിന്റെ ഉപപ്രധാനമന്ത്രിയായി. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ, ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ചെയർമാൻ, സാമ്പത്തിക കാര്യങ്ങൾക്കും നിക്ഷേപങ്ങൾക്കുമുള്ള സുപ്രീം കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു.

42 കാരനായ പുതിയ പ്രധാനമന്ത്രി അമീറിന്റെ സമ പ്രായക്കാരനൂം ഉന്നത നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമാണ്. ആഭ്യന്തര മന്ത്രിയായി നിയമിതനായ ഷെയ്ഖ് ഖലീഫയും ഇതേ തലമുറയിൽ നിന്നുള്ള പ്രതിനിധിയാണ്. തലമുറ മാറ്റം പൂർണമാക്കുന്നതാണ് മന്ത്രിസഭ പുനസംഘടന.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top