03 December Sunday

ഇന്ത്യൻഎംബസ്സി അൽഖോർ കോൺസുലർ ക്യാമ്പ്: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അഹ്മദ് കുട്ടി ആറളയിൽUpdated: Wednesday Aug 30, 2023

ദോഹ>  ഇന്ത്യൻ എംബസി ഐസിബിഎഫുമായി ചേർന്ന്  അൽഖോറിൽ സംഘടിപ്പിച്ച കോൺസുലർ ക്യാമ്പിൽ നൂറിലധികം പേർ പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി എന്നീ എംബസി സേവനങ്ങൾ പ്രയോജനപ്പെടുത്തി. അൽഖോറിലും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക്, പ്രവൃത്തിദിവസങ്ങളിൽദീർഘ ദൂരം സഞ്ചരിച്ച്  ദോഹയിലെത്തി  സേവനങ്ങൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായിരുന്നു അവധി ദിവസമായ വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ എട്ടിന്‌ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 12.30 വരെ നീണ്ട ക്യാമ്പിൽ പ്രാഥമിക സേവനങ്ങൾക്കൊപ്പം അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ദോഹയുടെ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് എംബസ്സിയുടെയും ഐസിബിഎഫിന്റെയും സേവനങ്ങൾ കയ്യെത്തും ദൂരത്ത്  എത്തിക്കുന്നതിന് ഇത്തരം ക്യാമ്പുകൾ പ്രയോജനകരമാകുമെന്നും, ക്യാമ്പ് ദോഹയുടെ മറ്റ് വിദൂരസ്ഥലങ്ങളിലേക്കും വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.

ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി, എംബസ്സി ഉദ്യോഗസ്ഥർക്കാപ്പം ഐ.സി.ബി.എഫ് സ്റ്റാഫംഗങ്ങളും,  മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ ബഹൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സമീർ അഹമ്മദ്, സെറീന അഹദ്, അബ്ദുൾ റൗഫ്, കുൽവീന്ദർ സിംഗ്, ഹമീദ് റാസ, ശങ്കർ ഗൗഡ്, ഉപദേശക സമിതി അംഗം ടി. രാമശെൽവം എന്നിവർക്കൊപ്പം  കമ്മ്യൂണിറ്റി വോളന്റിയർമാരും ക്യാമ്പിൽ സേവന സന്നദ്ധരായി. ക്യാമ്പിൽ ഒരുക്കിയ ഐസിബിഎഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ഒട്ടനവധി പേർ പ്രയോജനപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top