26 April Friday

മനോഹരൻ പേരകത്തെ അക്രമിച്ചത്‌ അപലപനീയം;ആർഎസ്‌എസ്‌ ഗുണ്ടകൾക്കെതിരെ നടപടിവേണം: പുകസ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

മനോഹരൻ പേരകം


തിരുവനന്തപുരം>  നോവലിസ്റ്റ് മനോഹരൻ പേരകത്തെ  ആർഎസ്‌എസ്‌ ഗുണ്ടകൾ ആക്രമിച്ചതിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്‌ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ആവിഷ്ക്കാരത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ മതരാഷ്ട്രവാദികളുടെ നീക്കത്തിനെതിരെ പ്രതികരിക്കാൻ മുഴുവൻ സാംസ്കാരിക പ്രവർത്തകരും മുന്നോട്ടു വരണമെന്നും സംഘത്തിൻ്റെ എല്ലാ ഘടകങ്ങളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും സംഘം പ്രസിഡന്റ്‌ ഷാജി എൻ.കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അഭ്യർഥിച്ചു.

ഒരു ആർഎസ്എസുകാരൻ്റെ വീട്ടിൽ നടന്ന ആർഭാടക്കല്യാണത്തിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം മെസേജിലൂടെ സുഹൃത്തുക്കളെ അറിയിച്ചതിൻ്റെ പേരിലാണ് മനോഹരനെ അക്രമിച്ചത്‌. വാട്‌സാപ്പ് മെസേജിനെ സാഹിത്യ സൃഷ്ടിയായിട്ടാണ് ആർഎസ്എസുകാർ കണ്ടത് എന്നു തോന്നുന്നു. "നീ നിൻ്റെ വീട്ടിലുള്ളവരുടെ കാര്യം മാത്രം എഴുതിയാൽ മതി" എന്ന താക്കീതാണ് അക്രമികൾ  മുഴക്കിയത്.

ഡൽഹിയിൽ കർഷക ജനലക്ഷങ്ങളുടെ രോഷാഗ്നിക്കു മുന്നിൽ നരേന്ദ്രമോദി പകക്കാൻ തുടങ്ങിയതോടെ നാട്ടിലെങ്ങും ആർഎസ്എസുകാർക്ക് ഭ്രാന്തു പിടിച്ചിരിക്കയാണ്. എഴുത്തിനും കലയ്ക്കും ചിന്തക്കും എതിരായുള്ള മതരാഷ്ട്രവാദികളുടെ സ്ഥായിയായ വിരോധം ഇപ്പോൾ അണപൊട്ടുന്നു.

സാംസ്കാരിക കേരളം പ്രിയപ്പെട്ട എഴുത്തുകാരൻ മനോഹരൻ പേരകത്തിൻ്റെ ഒപ്പം നിൽക്കുന്നു. ഗാന്ധി മുതൽ ഗൗരി ലങ്കേഷ്‌ വരെയുള്ള മഹാത്മാക്കൾക്കെതിരെ പ്രയോഗിക്കപ്പെട്ട കൊലവാൾ കേരളത്തിൽ ഉയരുന്നത് അനുവദിക്കാനാവില്ല. മനോഹരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണമെന്നും  സംഘം സർക്കാരിനോട്‌ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top