25 April Thursday

പ്രോഗ്രസീവ് പ്രെഫഷണല്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ ആദ്യവാരം; സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
 
മനാമ > പ്രോഗ്രസീവ് പ്രെഫഷണല്‍ ഫോറം ബഹ്‌റൈന്‍ പ്രവര്‍ത്തനോദ്ഘാടനം വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. ജൂണ്‍ ആദ്യവാരം മുന്‍ മന്ത്രിയും ആധുനിക കേരളത്തിന്റെ ആസൂത്രകരില്‍ ഒരാളുമായ ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗം പ്രശസ്ത ആര്‍ക്കിടെക്ട് ജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
 
രാഷ്ട്രീയ സാംസ്‌കാരിക ശരികളെ അടിസ്ഥാനമാക്കിയും ഏറ്റവും ഉയര്‍ന്ന ജനാധിപത്യത്തിലൂടെ ചര്‍ച്ചകള്‍ നടത്തിയും കേരള വികസനത്തിനും ഒപ്പം രാജ്യ വികസനത്തിനും സംഭാവന ചെയ്യാന്‍ കഴിയുന്ന മതേതരവാദികളും ബഹ്‌റൈനിലെ വിവിധ കമ്പനികളില്‍  വിവിധ തൊഴിലില്‍ പ്രാഗത്ഭ്യം നേടിയവരുടെ  കൂട്ടായ്മയായി പ്രോഗ്രസീവ് പ്രെഫഷണല്‍ ഫോറത്തിന് വളരാന്‍ കഴിയണമെന്ന് ജി.ശങ്കര്‍ പറഞ്ഞു. ഹിപ്പോക്രാറ്റസിന് സ്ഥാനം നഷ്ടമാവുകയും ചരകന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്യുന്ന കെട്ട കാലത്തിന് പകരമായി ശാസ്ത്രബോധവും സാങ്കേതിക തികവുമുള്ള പുതു തലമുറയെ പകരം വെക്കലാണ്  കാലഘട്ടം ആവശ്യപ്പെടുന്നത്.
 
ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക് വീടില്ല.അതായത് നൂറ്റി ഇരുപത്തിയഞ്ച് കോടിയില്‍ ഇരുപത്തിയഞ്ച് കോടിക്ക് കക്കൂസോ, അടച്ചുറപ്പുള്ള വാതിലോ പോലുമില്ലാതെ ജീവിക്കുകയാണവര്‍. ഇത്തരം കാര്യങ്ങളില്‍ ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യയുടെ കാരുണ്യം എത്തുമ്പോഴാണ് പ്രവാസികളായ പ്രോഗ്രസ്സീവ് പ്രൊഫഷനലുകളുടെ ജീവിതം സമ്പൂര്‍ണ്ണമാകുന്നത്.പുത്തന്‍ നഗരാസൂത്രണത്തിന് ആര്‍കിടെക്ടുകള്‍ മാത്രമല്ല സോഷ്യോളജിസ്റ്റുകളും കൂടി ചേരുന്ന പുതിയ വികസന കാലമാണിത്. മണ്ണിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മണല്‍ കടത്തുകാരനും മരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്റ്റീല്‍ കമ്പനിക്കാരനും  കഴുത്തിന് പിടിക്കുന്ന  നിര്‍മ്മാണ കാലത്ത് പരസ്പരം സഹകരിച്ച് വിശാലവും സമ്പൂര്‍ണ്ണവുമായ നെറ്റ്‌വര്‍ക്ക് ശൃംഖല നമുക്കുണ്ടാവേണ്ടതുണ്ട്. അറിവിന്റെ വെളിച്ചത്തില്‍ ഉയരുന്ന ഈ  കൂട്ടായ്മക്ക് സാമ്പത്തിക ലാഭ  ചിന്തയരുത്.
 
സര്‍ക്കാര്‍ വിധേയത്വത്തില്‍ വീണു പോകുന്ന സാങ്കേതിക വിദഗ്ധരായി തരം താഴാതെ കേരളത്തിന്റെ സവിശേഷമായ വികസന പ്രശ്‌നങ്ങളെ ശാസ്ത്രത്തിന്റെ വഴിയിലുടെ സമീപിക്കാന്‍ കഴിയണം. നാളെ നമ്മുടെതാണ് എന്ന ദൃഢവിശ്വാസം പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിപ്പിക്കും. ലോകത്തിന്റെ നാനാഭാഗത്ത് പടര്‍ന്ന് കിടക്കുന്ന നമ്മുടെ രക്തത്തോട് കലരുന്നവരുമായി ചേര്‍ന്ന്  നാം മുമ്പോട്ട് പോകും. ഹ്രസ്വകാല  ലക്ഷ്യങ്ങള്‍, ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ എന്നിങ്ങനെ പദ്ധതികളെ വേര്‍തിരിച്ച് പ്രവര്‍ത്തിക്കണം. മന്ത്രവാദത്തിന്റെ വഴികള്‍ അല്ലാതെ  ശാസ്ത്രത്തിന്റെ വഴികള്‍ തേടുന്ന  മതനിരപേക്ഷ വേദി ആവാനും പ്രൊഫഷണലുകളുടെ പുരോഗമന കൂട്ടായ്മക്ക് കഴിയേണ്ടതുണ്ട്-ശങ്കര്‍ പറഞ്ഞു. 
 
സ്വയം പ്രകാശിതമാകാന്‍ പോകുന്ന ഒരു പ്രസ്ഥാനത്തിന് നെയ്തിരി കത്തിച്ച് വെക്കാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം പങ്ക് വെച്ചാണ് പത്മശ്രീ പുരസ്‌കാര ജേതാവും കെട്ടിട നിര്‍മ്മാണ രംഗത്ത് വ്യത്യസ്തവും ജനകീയവുമായ വഴി സ്വീകരിച്ച ഹാര്‍ബിറ്റാറ്റ് സ്ഥാപകന്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. 
 
സഗയയിലെ കെസിഎ. ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇഎ സലീം അദ്ധ്യക്ഷനായി. ആസ്റ്റര്‍ ബഹ്‌റൈന്‍ എക്‌സിക്യൂട്ടീവ് ഡയരകര്‍ ഷാനവാസ് സംസാരിച്ചു. 
 
കക്ഷി രാഷ്ട്രീയത്തിന്റെ ആവരണം ഉണ്ടാവാത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ജനാധിപത്യ കാഴ്ചപ്പാടോടെ ചര്‍ച്ചകള്‍ നടത്തി പൊതു സമൂഹ നന്മക്കായി സഹകരിക്കാവുന്നവരുടെ വേദിയായിരിക്കും പിപിഎഫ് എന്ന് സംഘടന ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കവെ  റാം അറിയിച്ചു. 
 
ഭാരവാഹികള്‍: ഷാനവാസ്, കെജി ബാബുരാജ് (രക്ഷാധികാരികള്‍),  ഇഎ സലിം(ചെയര്‍മാന്‍),  ശ്രീജിത് കൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), റഫീക് അബ്ദുള്ള(സാമ്പത്തിക സമിതി കണ്‍വീനര്‍).
 
ആസ്റ്റര്‍ ബഹ്‌ന്‍ൈ എക്‌സിക്യൂട്ടീവ് ഡയരക്റ്റര്‍ ഷാനവാസ് സ്വാഗതവും ഷെര്‍ലി സലിം നന്ദിയും പറഞ്ഞു. 
 
 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top