18 April Thursday

ഗള്‍ഫ് യാത്രക്കാര്‍ക്കുള്ള പുതിയ നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

മനാമ  >  ഇന്ത്യയിലേക്കുള്ള യാത്രക്ക് പ്രവാസികള്‍ക്ക് കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ബഹ്‌റൈന്‍ പ്രതിഭ ശക്തമായി പ്രതിഷേധിച്ചു.

യാത്രക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പുറമെ ഇന്ത്യയില്‍ എത്തിച്ചേരുന്ന വിമാനത്താവളങ്ങളില്‍ സ്വന്തം ചിലവില്‍ വീണ്ടും ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം പ്രവാസികളെ ദ്രോഹിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. കുഞ്ഞുങ്ങള്‍ക്കുപോലും ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ 3000 മുതല്‍ അയ്യായിരം രൂപവരെയാണ് കോവിഡ് ടെസ്റ്റിന് ചിലവ് വരുന്നത്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇന്ത്യയിലെ വിമാന താവളങ്ങളില്‍ 1,700 രൂപവരെ ടെസ്റ്റിന് നല്‍കേണ്ടിവരുന്നു. അതായത് 72 മണിക്കൂറിനിടെ ഇരട്ട പരിശോധന. ഇത് യുക്തിരഹിതമായ നടപടിയാണ്. കൂടാതെ, സാധാരണക്കാര്‍ക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്കും ഇത് കനത്ത സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു.  

കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തിര യാത്ര ചെയ്യുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ് സൈറ്റ് വഴി മുന്‍ കൂട്ടി അപേക്ഷിക്കണമെന്നും അധികാരികള്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നുമുള്ള വ്യവസ്ഥയും പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. അടിയന്തിരമായി തീരുമാനം എടുക്കാന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ് സൈറ്റ് മാത്രമെന്നത് തികച്ചും അപര്യാപ്തമാണ്. പ്രവാസികള്‍ എത്തുന്ന വിമാനതാവളങ്ങള്‍ക്ക് അതില്‍ തീരുമാനമെടുക്കാനുള്ള ചുമതല നല്‍കണം.

കോവിഡ് വാക്‌സിന്‍ എടുത്തവരുടെ കാര്യത്തില്‍ കോവിഡ് ടെസ്റ്റ്, പതിനാല് ദിവസത്തെ ക്വാറന്റയിന്‍ എന്നിവയില്‍ ഇളവ് അനുവദിക്കണമെന്നും പ്രതിഭ ആവശ്യപ്പെട്ടു. മിക്കരാജ്യങ്ങളും വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. പതിനാല് ദിവസത്തില്‍ കുറഞ്ഞ കാലയളവില്‍ മാത്രം രാജ്യത്ത് നില്‍ക്കുന്നവരുടെ കാര്യത്തിലും ക്വാറന്റയിന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തണം. ടെസ്റ്റുകള്‍ നടത്തി ചെറിയ അവധിക്ക് നാട്ടില്‍ വരുന്നവര്‍ക്ക് ക്വാറന്റയ്‌നില്‍ ഇള്‌വ് നല്‍കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പുതിയ നിബന്ധന കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ബഹ്‌റൈന്‍ പ്രതിഭ പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നടപടിയുടെ മറവില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളെ എന്നും അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ കരിവാരി തേക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തിന് തുരങ്കംവെക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും പ്രതിഭ സെക്രട്ടറി എന്‍വി ലിവിന്‍ കുമാറും പ്രസിഡന്റ് കെഎം സതീഷും പ്രസ്താവനയില്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top