29 March Friday

യൂറോപ്പിലെ വന്‍ മയക്കുമരുന്ന് സംഘത്തെ തകർത്ത് ദുബായ് പൊലീസ്; ആറ് മുഖ്യ പ്രതികള്‍ അറസ്റ്റില്‍

അനസ് യാസിന്‍Updated: Tuesday Nov 29, 2022

മനാമ> യൂറോപ്പിലെ കൊക്കെയ്ന്‍ വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന വന്‍ മയക്കുമരുന്ന് സംഘത്തെ പൊലീസ് തകര്‍ത്തു, ദുബായില്‍ നിന്ന് ആറ് മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി 49 പേരെ അറസ്റ്റ് ചെയ്തതായി യൂറോപ്യന്‍ യൂണിയന്‍ പൊലിസ് ഏജന്‍സിയായ യൂറോപോള്‍ അറിയിച്ചു. 'ഡെസേര്‍ട്ട് ലൈറ്റ്' എന്ന പേരിട്ട അന്താരാഷ്ട്ര ഓപ്പറേഷനില്‍ 30 ടണ്‍ മയക്കുമരുന്നും പിടിച്ചെടുത്തു.

ദുബായിയെ കൂടാതെ ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നാണ്  മയക്കുമരുന്ന് സംഘത്തെ അറസ്റ്റു ചെയ്തതെന്ന് യൂറോപോള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്, സ്‌പെയ്ന്‍ എന്നിവങ്ങളിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരാണ് ദുബായ് പൊലിസ് അറസ്റ്റ് ചെയ്ത ആറുപേര്‍. ഇതില്‍ നെതര്‍ലാന്‍ഡില്‍ നിന്നുള്ള രണ്ട് പേരല്‍ ഒരാള്‍ 2019 ല്‍ ദുബായ് പൊലിസ് പിടികൂടിയ ഡച്ച് മാഫിയ തലവന്‍ റിദൗവന്‍ താഗിയുമായി ബന്ധമുള്ളയാളാണ്. യൂറോപോള്‍ അന്വേഷിക്കുന്ന ഈ ഡ്രഗ് മാഫിയ തലവന്‍മാര്‍ ചേര്‍ന്ന് 'സൂപ്പര്‍ കാര്‍ട്ടല്‍' എന്നറിയപ്പെടുന്നു സഖ്യം രൂപീകരിച്ച് യൂറോപ്പിലെ കൊക്കെയ്ന്‍ വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുകയായിരുന്നുവെന്നും യൂറോപോള്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട ഐറിഷ്, ഇറ്റാലിയന്‍ മയക്കുമരുന്ന് സംഘങ്ങളുടെ നേതാക്കളുമായി ഡച്ച് പ്രതി ദുബായില്‍ സഖ്യമുണ്ടാക്കി.
യുറോപോള്‍ പുറത്തുവിട്ട വീഡിയോയില്‍, യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനിലെയും സ്പാനിഷ് ഗാര്‍ഡിയ സിവില്‍സിലെയും ഏജന്റുമാര്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതും ആഡംബര കാറുകളും പണത്തിന്റെ ഒളിപ്പിച്ച നിലയിലുള്ള ശേഖരവും പിടിച്ചെടുക്കുകയും ചെയ്യുന്നത് കാണാം. ബെല്‍ജിയത്തില്‍ പത്ത് പേരും ഫ്രാന്‍സില്‍ ആറ് പേരും സ്‌പെയിനില്‍ 13 പേരും അറസ്റ്റിലായി. ഇതേ ഓപ്പറേഷന്റെ ഭാഗമായി 2021-ല്‍ നെതര്‍ലാന്‍ഡില്‍ 14 പേരെ കൂടി അറസ്റ്റ് ചെയ്തതായി ഹേഗ് ആസ്ഥാനമായുള്ള യൂറോപോള്‍ അറിയിച്ചു.

വിവധ രാജ്യങ്ങളിലായി നവംബര്‍ 8 മുതല്‍ 19 വരെയാണ് പൊലിസ് അറസ്റ്റ് നടത്തിയത്. മിക്ക കൊക്കെയ്‌നും തെക്കേ അമേരിക്കയില്‍ നിന്ന് റോട്ടര്‍ഡാം, ആന്റ്‌വെര്‍പ്പ് തുറമുഖങ്ങളിലൂടെയാണ് യൂറോപിലേക്ക് കടത്തുന്നത്. ചിലത് ദക്ഷിണാഫ്രിക്ക വഴിയും കടന്നുപോകുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top