24 April Wednesday

അറഫ സംഗമം തുടങ്ങി; ഗള്‍ഫില്‍ നാളെ ബലിപ്പെരുന്നാള്‍

അനസ് യാസിന്‍Updated: Friday Jul 8, 2022
മനാമ > ആഗോള സാഹോദര്യത്തിന്റെ വിളംബരവുമായി അറഫ സംഗമം തുടങ്ങി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നെത്തിയ പത്തു ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സംഗമിച്ചു. 
 
തമ്പുകളുടെ നഗരിയായ മിനായില്‍ രാപാര്‍ത്ത തീര്‍ഥാടകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സുബഹി നമസ്‌കാരന്തരം അറഫ മൈതാനിയിലേക്ക് നീങ്ങി. ബസിലും മെടോയിലുമായാണ് ഹാജിമാര്‍ അറഫയിലേക്ക നീങ്ങിയത്. പത്തോടെ എല്ലാ തീര്‍ഥാടകരെയും അറഫയില്‍ എത്തിച്ചു. ഏഴ് പാതകളിലൂടെ എട്ട് ലക്ഷം പേരെ 9,500 ബസുകളിലും രണ്ട് ലക്ഷം പേരെ മശാഇര്‍ മെട്രോയിലുമാണ് എത്തിച്ചത്. 
 
അറഫ സംഗമം ഹജ്ജിലെ സുപ്രധാനവും ഒഴിച്ചുകൂടാനാകാത്തതുമായ ചടങ്ങാണ്. ഇവിടെ തീര്‍ത്ഥാടകര്‍ സൂര്യാസ്തമയം വരെ പ്രാര്‍ത്ഥനയില്‍ മുഴുകും. വെള്ളിയാഴ്ച അറഫയിലെ നമീറ പള്ളിയില്‍ ദുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ചു നിര്‍വ്വഹിക്കും. സൗദിയിലെ ഉന്നത പണ്ഡിതസഭ അംഗവും റാബിത്വ സെക്രട്ടറി ജനററുലമായ ഡോ. ഷെയ്ഖ് മുഹമ്മദ് അല്‍ ഈസ് ഖുതുബ നിര്‍വ്വഹിക്കും. 
 
അറഫയില്‍നിന്നും സൂര്യാസ്തമയ ശേഷം തീര്‍ഥാടകര്‍ ഒന്‍പതു കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലേക്ക് നീങ്ങും. മഗ്‌രിബ് നമസ്‌കാരവും ഇഷ നമസ്‌കാരവും അവിടെ ഒന്നിച്ചു നമസ്‌കരിക്കും.  ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ പെറുക്കി ശനിയാഴ്ച പ്രഭാത നമസ്‌കാരാനന്തരം ആറു കിലോമീറ്റര്‍ അകലെയുള്ള  മിനായില്‍ വീണ്ടും തിരിച്ചെത്തും.
 
സൗദിയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ചയാണ് ബലി  പെരുന്നാള്‍. ഹാജിമാര്‍ക്ക് ശനിയാഴ്ച വലിയ ജംറയിലെ കല്ലേറും ബലി അറുക്കലും മക്കയില്‍ പോയി കഅബ പ്രദക്ഷിണവും നിര്‍ബന്ധം.  
 
മക്കയില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂടിനെ പ്രതിരോധിക്കാനും ചൂട് കുറയ്ക്കാനും അന്തരീക്ഷം മിതശീതോഷ്ണമാക്കാനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അന്തരീക്ഷത്തില്‍ ജലം സ്‌പ്രേ ചെയ്യുന്നുണ്ട്. സൂര്യാഘാതം ഏല്‍ക്കുന്നവരെയും കോവിഡ് രോഗികളെയും പരിചരിക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരെല്ലാം സുരക്ഷിതതും ആരോഗ്യവാന്മാരുമാണെന്ന് ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.
 
മക്ക- തായിഫ് റോഡില്‍ രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സമതല പ്രദേശമാണ് അറഫ. ജബലുറഫ്മയും ഇവിടെയാണ്. പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വെള്ളിയാഴ്ചയും അറഫ ദിനം ഒന്നിക്കുന്ന എന്ന സവിശേഷതയും ഇന്നത്തെ ദിവസത്തിനുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top