26 April Friday

ചരിത്രം തിരുത്തി കോർക്കിലെ മലയാളികളുടെ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

കോർക്ക്‌ (അയർലണ്ട്‌)> കോവിഡ് മഹാമാരിമൂലം നിറംമങ്ങിയ രണ്ടു വർഷത്തിനുശേഷം വന്ന ഓണം വൻആഘോഷമാക്കി മരതക ദ്വീപിലെ മലയാളികൾ. സെപ്റ്റംബർ പത്തിനാണ് കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിൽ കോർക്കും സംയുക്തമായി "പൊന്നോണം 2022" സംഘടിപ്പിച്ചത്.

ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും ശ്രദ്ധേയമാ ഓണാഘോഷം അയർലണ്ടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യക്കു കൂടിയാണ് സാക്ഷ്യം വഹിച്ചതെന്ന്‌ സംഘാടകർ പറഞ്ഞു. പ്രവാസി മലയാളികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കഴിയുന്ന എല്ലാവർക്കും പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് ഏർപ്പാട് ചെയ്തിരുന്നത്. 200 പേർക്ക് ഒരേസമയം സദ്യയുണ്ണാനുള്ള സൗകര്യമൊരുക്കിയിരുന്നു. അഞ്ചു പന്തിയായി തൊള്ളായിരത്തോളം പേരാണ് മൂന്നുമണിക്കൂറിൽ മെഗാസദ്യ കഴിച്ചത്.

കോർക്കിലെ സെന്റ് ഫിൻബാർ ഹർലിംഗ് & ജിഎഎ ഹാളിൽ രാവിലെ  അത്തപ്പൂക്കളം മത്സരത്തോടെയാണ് ആഘോഷം ആരംഭിച്ചത്. തുടർന്ന് കുട്ടികൾക്കായി കസേരകളി, മിഠായി പെറുക്കൽ, നാരങ്ങാ സ്പൂൺ ഓട്ടം തുടങ്ങി ഗൃഹാതുരത്വമുണർത്തുന്ന ഓണക്കളികൾക്കു ശേഷം ഓണാഘോഷത്തിന്റെ പ്രത്യേകതയായ വടംവലി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടത്തപ്പെട്ടു.  വാശിയേറിയ വടംവലി മത്സരത്തിൽ കൊമ്പൻ ബ്രദർസ് വിജയികളായി‌ മാലോ ഗുലാൻസ്‌ രണ്ടാം സ്ഥാനം നേടി.

ഡബ്ലിൻ റോയൽ കാറ്ററേഴ്സ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം തിരുവാതിരകളിയോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ആർപ്പുവിളികളോടെ ഓണപ്പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചവിട്ടിയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുംകൂടി എഴുന്നള്ളിയ മാവേലിതമ്പുരാനെ ഹർഷാരവത്തോടെയാണ് സദസ്സ്  വരവേറ്റത്. കോർക്കിലെ കലാപ്രതിഭകൾ അവതരിപ്പിച്ച കഥക്, ഭരതനാട്യം, നാടോടി നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി. കൂടാതെ, സെലിബ്രിറ്റികളായ ഉണ്ണി കാർത്തികേയനും നിയ പത്യാലയും ചേർന്നവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി.

പ്രവാസലോകത്തെ മലയാളികൾക്ക് തന്നെ അഭിമാനമായ ഓണാഘോഷത്തിൽ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരേയും അഭിനന്ദിക്കുന്നതായി ഓണാഘോഷകമ്മിറ്റി അറിയിച്ചു. കൂടാതെ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച വിവിധ കമ്മിറ്റികൾക്കും വോളന്റീർമാർക്കും  സ്പോൺസർക്കും കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിലിനും അതിന്റെ ഭാരവാഹികൾക്കും  നന്ദി പറയുന്നതായി പരിപാടിയുടെ കൺവീനർമാരായ ഷിബിൻ കുഞ്ഞുമോനും ഡോ. ലേഖയും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top