19 December Friday

ജി 20 യുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒമാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

മസ്കറ്റ് > ജി 20  അംഗരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഒമാൻ പ്രതിനിധി സംഘം ജി 20 ഉച്ചകോടിയിൽ പങ്കെടുത്തു.  ഇന്ത്യയിൽ നടക്കുന്ന 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഒമാൻ ഉന്നതതല പ്രതിനിധി സംഘത്തിന്  ഡെപ്യൂട്ടി പ്രധാനമന്ത്രി ഹിസ് ഹൈനസ് സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സയ്ദ് നേതൃത്വം നൽകി. ജി 20 രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ മേഖലകളിലുള്ള വെല്ലുവിളികളെ നേരിടാൻ ഒമാൻ ലക്ഷ്യമിടുന്നതായി പ്രതിനിധി സംഘത്തിലുള്ള ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപദേശകൻ പങ്കജ് ഖിംജി പറഞ്ഞു.

ഒമാനിൽ  നിന്നുള്ള 30 അംഗ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ  വിദേശകാര്യ മന്ത്രി  സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി  ഡോ. ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് , ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ഷിബാനി എന്നിവരും ഉൾപ്പെടുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള സാംസ്കാരിക - സാമ്പത്തിക ബന്ധത്തിന്  വർഷങ്ങളുടെ പഴക്കമുണ്ടെന്ന്  ഒമാൻ - ഇന്ത്യ  ജോയിന്റ് ബിസിനസ് കൗൺസിൽ (ഒഐജെബിസി) ചെയർമാൻ കൂടിയായ പങ്കജ് ഖിംജി പറഞ്ഞു.

ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യയുടെ പ്രത്യേക ക്ഷണിതാക്കളായി യുഎഇ, ഈജിപ്ത്, നൈജീരിയ, ബംഗ്ലാദേശ്, മൗറീഷ്യസ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് തുടങ്ങിയ ഏഴ് അതിഥി രാജ്യങ്ങൾക്കൊപ്പം ഒമാനും  ഈ വർഷത്തെ ജി 20 റൗണ്ട് മീറ്റിംഗുകളിൽ പങ്കെടുത്തു.
ഓഗസ്റ്റ് 21 മുതൽ 23 വരെ നടന്ന ട്രേഡ് ആന്ഡ് ഇൻവെസ്റ്റ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലും  ഒമാൻ പങ്കെടുത്തിരുന്നു.

ഒമാനും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധമാണ് നിലവിലുള്ളത്. ഒമാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ  ചൈന കഴിഞ്ഞാൽ  രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.   ഇന്ത്യയുമായുള്ള ഒമാന്റെ ഉഭയകക്ഷി വ്യാപാരം 2021-2022 ൽ 90 ശതമാനം വർധിച്ച്  9.988 ബില്യൺ ഡോളറിലെത്തിയിരുന്നു. 2021-2022 ൽ ഇന്ത്യയിൽ നിന്നുള്ള ഒമാന്റെ ഇറക്കുമതി 3.148 ബില്യൺ ഡോളറും ഇന്ത്യയിലേക്കുള്ള ഒമാന്റെ കയറ്റുമതി 6.840 ബില്യൺ ഡോളറുമായിരുന്നു. 2022 ലെ എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തിൽ  യുഎഇ, യുഎസ്, സൗദി അറേബ്യ എന്നിവയ്ക്ക് ശേഷം ഒമാന്റെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒമാനിലെ സ്റ്റേറ്റ് ജനറൽ റിസർവ് ഫണ്ടും തമ്മിലുള്ള 50-50 സംയുക്ത സംരംഭമായ ഒമാൻ-ഇന്ത്യ ജോയിന്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്  2010 ജൂലൈയിൽ  രൂപീകരിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top