ദോഹ > "കാത്തുവെക്കാം സൗഹൃദ തീരം" എന്ന സന്ദേശവുമായി നടക്കുന്ന എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, വടം വലി എന്നീ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലാണ് കായിക മത്സരങ്ങൾ ക്രമീകരിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംഘടനകളുടെ പേരിലോ മുഖ്യധാരാ സംഘടനകളുടെ ജില്ലാ ഘടകങ്ങളുടെ പേരിലോയാണ് ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഏത് കായിക ഇനത്തിലും ഒരു ജില്ലയിൽ നിന്ന് പരമാവധി രണ്ട് ടീമുകളെയേ ഉൾപ്പെടുത്തുകയുള്ളൂ. മുഖ്യ ധാരാ സംഘടനകൾ ജില്ലാ ഘടകത്തിന്റെ പേരിൽ ടീം രെജിസ്റ്റർ ചെയ്യുമ്പോൾ ഓരോ ഇനത്തിലും ആ സംഘടനയുടെ പേരിലുള്ള ഒരു ടീമിന് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. ഈ മാനദണ്ഡങ്ങൾ പാലിച്ച് ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമിനാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക.
എല്ലാ ഇനത്തിലും പരമാവധി 16 ടീമുകൾക്ക് വീതമാണ് മത്സരിക്കാൻ കഴിയുക. ഓരോ മത്സത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും മെഡലുകളും സമ്മേളന വേദിയിൽ വെച്ച് നൽകുന്നതാണ്. നാല് മത്സര ഇനങ്ങളിൽ നിന്നുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഓവറോൾ ട്രോഫിയും സമ്മാനിക്കുന്നതാണ്.
സെപ്റ്റംബർ 29 വെള്ളിയാഴ്ച ആസ്പയർ ഡോമിൽ നടക്കുന്ന വോളിബോൾ മത്സരങ്ങളോടെയാണ് കായിക മേള ആരംഭിക്കുക. വോളിബോൾ ടീമുകളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 25 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കും മറ്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ 1 ഞായറാഴ്ച വൈകുന്നേരം 6 മണിക്കും അവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടാം: 7090399, 74789055
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..