20 April Saturday

കേരളത്തില്‍ നിക്ഷേപം നടത്താമെന്ന് നോര്‍വേ മലയാളികള്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ഒസ്ലോ> കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍. നോര്‍വ്വേയിലെ  മലയാളി കൂട്ടായ്മയായ  'നന്മ'യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലര്‍ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോര്‍വ്വ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നില്‍  വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള കാഴ്ചപാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വര്‍ഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതല്‍ നോര്‍വ്വേയില്‍ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികള്‍ കുടുതലായി കുടിയേറാന്‍ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരില്‍ ഭൂരിഭാഗവും..  

നോര്‍വ്വേയിലെ പെന്‍ഷന്‍ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായി പിണറായി വിജയന്‍ സൂചന നല്‍കി. ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി നോര്‍വ്വേയിലെത്തുന്നതെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡണ്ട് സിന്ധു എബ്ജില്‍ പറഞ്ഞു. പെരുമ്പാവൂര്‍കാരിയായ സിന്ധു പതിനേഴ് വര്‍ഷമായി നോര്‍വ്വേയിലാണ്.

ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും മറുപടി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top