29 March Friday

കോവിഡ് പൂർവ്വ സ്ഥിതിയിലേക്ക്‌ യുഎഇ ; കോവിഡ് മരണമില്ലാതെ ഒരു മാസം പിന്നിട്ടു

കെ എൽ ഗോപിUpdated: Thursday Apr 7, 2022

ദുബായ്> ജനജീവിതം സാധാരണ നില കൈവരിച്ച യുഎഇയിൽ കോവിഡ് സംബന്ധമായ ഒറ്റ മരണം പോലും ഒരു മാസത്തിനിടെ  ഉണ്ടായിട്ടില്ല. മാർച്ച് 7 നാണ് അവസാനമായി വൈറസ് മൂലമുള്ള മരണം ഇവിടെ റിപ്പോർട്ട്  ചെയ്തത്. മരണങ്ങളൊന്നും രജിസ്റ്റർ ചെയ്യാത്ത യു എ ഇ യിലെ മുപ്പതാം ദിവസമായിരുന്നു  ഏപ്രിൽ 6 .   ജനുവരിയിൽ മുവ്വായിരം കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത്,  പ്രതിദിന അണുബാധകൾ കുത്തനെ കുറഞ്ഞു .  ബുധനാഴ്ച  ആകെ 215  കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ലോകത്തിൽ ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ യു എ ഇ. രാജ്യത്ത്  97 ശതമാനത്തിലധികം ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിനുകൾ നൽകിക്കഴിഞ്ഞു. പൂർണ്ണമായി വാക്സിനേഷൻ എടുത്ത താമസക്കാർക്കും ബൂസ്റ്റർ ഡോസുകൾ ലഭിക്കുന്നതിനാൽ  ആശുപത്രികളിലെ തിരക്കും കുറഞ്ഞു. വാക്സിൻ എടുത്തതിനാൽ രോഗബാധിതരിൽ ഭൂരിഭാഗവും നേരിയ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഒരു ജലദോഷമോ മറ്റോ വന്നു പോകുന്നതു പോലെ വാക്‌സിനേഷൻ എടുത്ത ആളുകൾ “വളരെ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

 മഹാമാരിയ്ക്കു മുമ്പുള്ള സാധാരണ നില എല്ലാ മേഖലകളിലും രാജ്യം പുനഃസ്ഥാപിച്ചു. സ്‌കൂളുകളും ഓഫീസുകളും 100 ശതമാനം പ്രവർത്തനക്ഷമമായി. ഒത്തുചേരലിന് നിയന്ത്രണങ്ങളൊന്നുമില്ല. വെളിമ്പ്രദേശങ്ങളിൽ ഇപ്പോൾ മാസ്‌ക് നിർബന്ധമല്ല. വാക്‌സിനേഷൻ എടുത്ത താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും പ്രീ-ട്രാവൽ പിസിആർ ടെസ്റ്റുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ലോകമേളയായ എക്സ്പോയിൽ സാധാരണ ജീവിതം അനുഭവിക്കുന്ന ജനങ്ങളുടെ സന്തോഷമാണ് പ്രകടമായിരുന്നത്. അടുത്ത മാസം അവസാനിക്കുന്ന ഗ്ലോബൽ വില്ലേജിലും ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരുടെ തിരക്ക് മൂലം ദുബായ് നഗരത്തിലെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top