16 April Tuesday

യുഎഇ ദേശീയ ദിനാഘോഷം; ഇന്ത്യാ സോഷ്യൽ സെന്റർ ഛായാചിത്രത്തിൽ ലോകറെക്കാഡ് മറികടക്കാനുള്ള ഒരുക്കത്തിൽ

സഫറുള്ള പാലപ്പെട്ടിUpdated: Tuesday Nov 30, 2021

ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ


അബുദാബി> യുഎഇയുടെ അൻപതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിൽ ലോക ഗിന്നസ് റെക്കാർഡ് മറികടക്കാനുള്ള ഛായാചിത്രം നിർമ്മിച്ചുവരികയാണെന്ന് സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ മേധാവിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരുടെ ഛായാ ചിത്രങ്ങൾ ഒറ്റ ക്യാൻവാസിൽ വരച്ച് ചിത്രകാരൻ ശരൻസ് ഗുരുവായൂരാണ് 'ഒരാളുടെ ഏറ്റവും വലിയ ഓയിൽ പെയിന്റിങ്ങ്' എന്ന റെക്കാർഡ് സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നത്.

ചൈനീസ് ചിത്രകാരനായ ലി ഹാം ഗ്യുവിന്റെ ലോകറെക്കാർഡാണ്‌ തകർക്കാൻ ശ്രമിക്കുന്നത്. യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിൽചിത്രം പ്രദര്ശിപ്പിക്കുമെന്ന് ആക്ടിങ്ങ് പ്രസിഡന്റ് ജോർജ് വർഗ്ഗീസ് അറിയിച്ചു.എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ ഒൻപത് വരെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന ചിത്രം കാണാനുള്ള അവസരം ഡിസംബർ 5 വരെയായിരിക്കും.

യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെന്റർ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബർ 2 നു രാവിലെ ഏഴ് മുതൽ ഓമൽ വരെ കോർണീഷിൽ പത്ത് കിലോമീറ്റർ ദൈർഘ്യത്തിൽ മാരത്തോൺ സംഘടിപ്പിക്കുന്നുണ്ട്.

ഡിസംബർ 10 നു സെന്റർ ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പും ഒരുക്കിയിട്ടുണ്ട്. യുഎഇയുടെ അൻപത് വർഷത്തെ പുരോഗതിയും വികസനവും ആധാരമാക്കിയുള്ള ചിത്രരചനാ മത്സരവും ജനുവരി 21 നു സംഘടിപ്പിക്കുന്നതാണെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ വിശദീകരിച്ചു.ആക്ടിങ്ങ് പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ്, ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ, ട്രഷറർ ദിനേശ് പൊതുവാൾ, ചിത്രകാരൻ ശരൻസ് ഗുരുവായൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top