27 April Saturday

അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ്‌ കത്തീഡ്രലിന്റെ കൊയ്ത്തുത്സവം; ശ്രീശാന്ത് പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

വാർത്താ സമ്മേളനത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ സംസാരിക്കുന്നു

അബുദാബി> യുഎഇയിലെ ഏറ്റവും പുരാതന കൃസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഓർത്തഡോൿസ്‌ കത്തീഡ്രലിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം ഞായറാഴ്ച നടക്കുമെന്ന് കത്തീഡ്രൽ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ എംബസി കൗൺസിലർ ഡോ. രാമസ്വാമി ബാലാജി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉത്സവത്തിൽ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കെടുക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷനായിരിക്കും. ഇടവക വികാരി ഫാദർ എൽദോ എം. പോൾ നേതൃത്വം നൽകും.

ഉച്ചക്ക് ശേഷം 3.30 മുതൽ ദേവാലയഅങ്കണത്തിൽ നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ വിജയത്തിനായി ഇടവക വികാരിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.അബുദാബിയിലെ ഖാലിദിയയിൽ മലങ്കര സഭയുടെ പ്രഥമ ദേവാലയം നിർമിക്കാനുള്ള അനുവാദവും സൗജന്യമായി അതിനുള്ള സ്ഥലവും യുഎഇ രാഷ്ട്രപിതാവും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നൽകുകയായിരുന്നു.

വിവിധ മതങ്ങളോട് യുഎഇ ഭരണാധികാരികൾ കാണിച്ചുകൊണ്ടിരിക്കുന്ന മഹാമനസ്കതയ്ക്ക് മകുടോദാഹരണമാണ് അബുദാബിയിലെ ഓർത്തഡോക്സ് ദേവാലയമെന്ന് അധികൃതർ വിശദീകരിച്ചു. യു.എ.ഇ.യിലെ കൊയ്‌തുവത്സവങ്ങൾക്ക് 1978 ൽ തുടക്കമിട്ട ആദ്യത്തെ ദേവാലയമാണ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ. കൊയ്ത്തുത്സവമേളയിൽ പലഹാരങ്ങൾ, കൈകൊണ്ട് നിർമ്മിച്ച കലാരൂപങ്ങൾ, വീട്ടുപകരണങ്ങൾ, വിദ്യാഭ്യാസ സാമഗ്രികൾ, വ്യത്യസ്ത ഇനം സസ്യങ്ങൾ, അബുദാബിയിൽ തന്നെ ജൈവികമായി നട്ടുവളർത്തിയ പച്ചക്കറികൾ എന്നിവ പ്രദർശനത്തിനായും വില്പനക്കായും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ വിനോദവും കളികളും, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയും യു.എ.ഇ രൂപീകരണത്തിന്റെ 51-ാം വർഷത്തിന്റെ ആഘോഷങ്ങളും  വൈവിധ്യമാർന്ന സ്റ്റേജ് പ്രോഗ്രാമുകളും ഇതിന്റെ ഭാഗമായി അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ എൽദോ എം. പോൾ, ട്രസ്റ്റി തോമസ് ജോർജ്ജ്, സെക്രട്ടറി ഐ. തോമസ്, ജനറൽ കൺവീനർ രജി ഉലഹന്നാൻ, ഫൈനാൻസ് കൺവീനർ റോയ്‌മോൻ ജോയ്, മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ സംബന്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top