20 April Saturday
മേഖലയില്‍ ഉടനീളം മുന്നറിയിപ്പ്

ശക്തമായ പൊടിക്കാറ്റ്: കുവൈത്ത് വിമാനതാവളത്തിലെ സര്‍വീസ് നിര്‍ത്തിവെച്ചു

അനസ് യാസിന്‍Updated: Tuesday May 24, 2022
മനാമ > കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 
വാണിജ്യ വിമാനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും പൊടിക്കാറ്റ് ശമിച്ചാല്‍ മാത്രമേ വിമാന ഗതാഗതം സാധാരണഗതിയില്‍ പുനരാരംഭിക്കുകയുള്ളൂവെന്നും കുവൈത്ത്  സിവില്‍ ഏവിയേഷന്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജുലുവി പറഞ്ഞു.
 
തിങ്കളാഴ്ചയാണ് കുവൈത്തിനെ പൊടിപടലത്തില്‍ മുടി മണല്‍ക്കാറ്റ് വീശിയത്. ഇതോടെ രാജ്യത്തുടനീളം കാഴ്ച ഏതാണ്ട് പൂജ്യമായി കുറഞ്ഞു.
പൊടിക്കാറ്റ് മൂലമുണ്ടായ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ കാഴ്ച മോശമാകുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു. 
 
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റുണ്ടാകുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. ബഹ്‌റൈനും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
പൊടിക്കാറ്റ് കാരണം മെയ് 16 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം ഒന്നര മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. കൂടാതെ, മൂന്ന് തുറമുഖങ്ങളിലെയും പ്രവര്‍ത്തനം രണ്ടു ദിവസം നിര്‍ത്തിവച്ചു.
 
തിങ്കളാഴ്ച പുലര്‍ച്ചെ ഇറാഖിലെ നജഫിലാണ് ആദ്യം പൊടിക്കാറ്റ് എത്തിയത്. നജഫ് പ്രവിശ്യയിലും കിര്‍കുക്കിലും ശക്തമായ മണല്‍ക്കാറ്റ് വീശിയടിച്ചതിനതെ തുടര്‍ന്ന് നഗരങ്ങളിലുടനീളം ദൂരക്കാഴ്ച നഷ്ടപ്പെട്ട അവസ്ഥയായി. മണല്‍ക്കാറ്റും പൊടിയും ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
 
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇറാഖിലെ പല പ്രവിശ്യകളിലും വീശിയടിച്ച മണല്‍ കൊടുങ്കാറ്റില്‍ ഏകദേശം 4,000 പേര്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയെ സമീപിച്ചു. തലസ്ഥാനമായ ബാഗ്ദാദ്, നജാഫ്, സുലൈമാനിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കൊടുങ്കാറ്റ് കാരണണമായി. റിയാദിലെ ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ 1,285 പേര്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ചികിത്സ തേടിയിരുന്നു.
 
മിഡില്‍ ഈസ്റ്റില്‍ ഉടനീളം മണല്‍ക്കാറ്റ് വിമാന സര്‍വീസുകളെ വൈകിപ്പിച്ചു, സ്‌കൂളുകളെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ആയിരക്കണക്കിന് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  കാലാവസ്ഥാ വ്യതിയാനം പ്രാദേശിക കാലാവസ്ഥാ രീതികളെ സാരമായി ബാധിക്കുന്നതിനാല്‍ ഈ പ്രതിഭാസം കൂടുതല്‍ വഷളാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
 
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top