19 April Friday

കുവൈറ്റിലെ എംബസി പാസ്‌പോർട്ട്‌ സേവന കേന്ദ്രത്തിൽ ഇന്ത്യൻ അംബാസഡറുടെ മിന്നൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Aug 23, 2020

കുവൈറ്റ് സിറ്റി > കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ അബ്ബാസിയ പാസ്‌പോര്ട് സേവന കേന്ദ്രത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് മിന്നൽ പരിശോധന നടത്തി. സേവന കേന്ദ്രത്തിലെ ക്രമക്കേടുകളെക്കുറിച്ചും ജീവനക്കാരുൾപ്പെടയുള്ളവരുടെ ഇടപെടൽ രീതിയെക്കുറിച്ചും നിരവധി പരാതികളാണ് ഉയർന്നിരുന്നത്. അപ്പോയ്ന്റ്‌മെന്റിനു അപേക്ഷിക്കുന്ന ആളുകൾക്ക് അത് നൽകാതിരിക്കുക, സേവനങ്ങൾക്ക് വരുന്നവരിൽ നിന്നും അനധികൃതമായി പണം കൈപ്പറ്റി മാത്രം സേവനം നൽകുക. അപേക്ഷകരോട് മോശമായി പെരുമാറുക തുടങ്ങി നിരവധി പരാതികളാണ് സബ് സെന്ററിനെതിരെ ഉയർന്നിരുന്നത്. ഇക്കാര്യങ്ങൾ പുതിയ അംബാസഡറായി സിബി ജോർജ്ജ്  ചാർജ് എടുത്ത അടുത്ത ദിവസം തന്നെ ആരംഭിച്ച ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൊസ്സിലും പരാതിയായി ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഓപ്പൺ സ്സിൽ വെച്ച് അംബാസഡർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. കല കുവൈറ്റ് ഉൾപ്പെടെയുള്ള സംഘടനകൾ ഈ വിഷയങ്ങൾ പരാതിയായി എംബസിയുടെ ശ്രദ്ധയിൽ വിഷയം പെടുത്തുകയും ചെയ്തിരുന്നു. സേവന കേന്ദ്രത്തിൽ എത്തിയ അംബാസഡർ ഓരോ അപേക്ഷകരോടെയും അവരുടെ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. പലർക്കും സേവന കേന്ദ്രത്തിന്റെ രീതികളെക്കുറിച്ച് നിരവധിയായ പരാതികളാണ് അംബാസഡറോട് പറയാനുണ്ടായിരുന്നത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ സിബി ജോർജ്ജ് സേവന കേന്ദ്രത്തിൽ വരുന്നവർക്ക് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളും സേവനങ്ങളും നൽകാനും അപേക്ഷകളിൽ അതാത് ദിവസം തന്നെ തീർപ്പ് കല്പിക്കാനും  കർശന നിർദ്ദേശം നൽകിയാണ് മടങ്ങിയത്. എംബസിയിലെ മറ്റു ഉദ്ദ്യോഗസ്ഥരും അദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. സേവന കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ അറിഞ്ഞെത്തിയ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദും അംബാസഡറുടെ സന്ദർശന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നു. കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടുന്ന അംബാസഡറുടെ നടപടികൾ കുവൈറ്റ്  പ്രവാസികൾക്ക് വലിയ ആശ്വാസമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top