29 March Friday

ഗള്‍ഫ് പ്രവാസികളെ നാണംകെടുത്തി സംഘപരിവാർ ; നയതന്ത്രതല പ്രശ്നമായി മാറി ഇസ്ലാംവിരുദ്ധപ്രചാരണം

അനസ് യാസിന്‍Updated: Tuesday Apr 21, 2020


മനാമ
കോവിഡ് വ്യാപനകാലത്തും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംഘപരിവാരങ്ങളുടെ വിദ്വേഷപ്രചാരണം ഗൾഫിലെ ഇന്ത്യൻ സമൂഹത്തിന് നാണക്കേടായി. രാജകുടുംബാംഗങ്ങള്‍ പരസ്യമായി രംഗത്തുവന്നതോടെ ഇസ്ലാംവിരുദ്ധപ്രചാരണം നയതന്ത്രതല പ്രശ്നമായി മാറി. പിന്നാലെ വിവേചനപരമായ നടപടികളില്‍നിന്ന്‌ ഇന്ത്യക്കാര്‍ വിട്ടുനിൽക്കണമെന്ന അഭ്യര്‍ഥനയുമായി  യുഎഇയിലെ അംബാസഡർ പവൻ കപൂർ രം​ഗത്തെത്തി.

തബ്‌ലീഗ് സമ്മേളനത്തിന്റെ പേരില്‍ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം ട്വിറ്റർ, ഫെയ്‌സ്ബുക്, വാട്‌സാപ്‌ എന്നിവയിൽ സജീവമാണ്. ഇതേറ്റെടുത്തും റീപോസ്റ്റ് ചെയ്തും വർഗീയ പരാമർശം നടത്തിയതിന് ഗൾഫിൽ പലയിടത്തും ഇന്ത്യക്കാർ നടപടി നേരിടുന്നുണ്ട്. കഴിഞ്ഞദിവസം സംവിധായകൻ കൂടിയായ മലയാളി വ്യവസായി പ്രചരിപ്പിച്ച കവിതയും വിവാദത്തിനിടയാക്കി.

യുഎഇയിൽ സമൂഹ മാധ്യമങ്ങളിൽ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി ഹിന്ദ് അൽഖാസിമി മുന്നറിയിപ്പ് നൽകി. സൗരഭ് ഉപാധ്യായ എന്നയാൾ പങ്കുവച്ച വിദ്വേഷ ടീറ്റുകൾ ഉൾപ്പെടുത്തിയാണ് ഹിന്ദിന്റെ ട്വീറ്റ്. നിരവധി പ്രമുഖരാണ് സമാനമായ ട്വീറ്റുമായി രംഗത്തെത്തിയത്.

ഇതിനിടെ, അറബ് വനിതകളെ ലൈംഗികമായി അധിക്ഷേപിച്ച് ബംഗളൂരു സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യയുടെ 2015 ട്വീറ്റ് വീണ്ടും പ്രചരിച്ചതും ​ഗള്‍ഫില്‍ വ്യാപകരോഷമുണര്‍ത്തി. ഇതോടെ എംപി പോസ്റ്റ് നീക്കം ചെയ്തു. മീററ്റിലെ ക്യാൻസർ ആശുപത്രിയിൽ മുസ്ലിങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന പരസ്യവും അഹമ്മദാബാദിൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക വാർഡ് എന്നുമുള്ള വാർത്തകൾ ഗൾഫിൽ വ്യാപക ചര്‍ച്ചയായി. വർഗീയ പ്രചാരണം നടത്തുന്നവരെ തള്ളിപ്പറയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top